---
title: "കിഫ്ബി അംഗീകാരം നല്‍കിയ മൂന്ന് റോഡുകൾക്ക് 127.41 കോടി രൂപയുടെ ധനാനുമതി "
english_title: "127.41 crore sanctioned for three roads approved by KIFB"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100385/12741-crore-sanctioned-for-three-roads-approved-by-kifb"
published_at: "2023-02-28T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe11d6757e4_Dfgdg.jpg"
keywords: []
---

# കിഫ്ബി അംഗീകാരം നല്‍കിയ മൂന്ന് റോഡുകൾക്ക് 127.41 കോടി രൂപയുടെ ധനാനുമതി 

> **Lead Summary:** **തിരുവനന്തപുരം: **തിങ്കളാഴ്ച്ച ചേര്‍ന്ന 45-ാമത് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അനുമതി ലഭിച്ച‍ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് ആകെ 127.41 കോടി രൂപയുടെ ധനാനുമതിയാണ് ലഭിച്ചതെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ ( 9.76 കി.മീ) റോഡിന് 47.72 കോടി രൂപയും , ആലക്കോട് - കാപ്പിമല (7.8 കി.മീ) റോഡിന് 48.72 രൂപയും , പെരുവമ്പറമ്പ് - കല്ലുവയൽ - നെല്ലിക്കാംപോയിൽ ( 6.96 കി.മീ) റോഡിന് 30.97 കോടി രൂപയും അടക്കം ആകെ 127.41 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്.

## Article Content

**തിരുവനന്തപുരം: **തിങ്കളാഴ്ച്ച ചേര്‍ന്ന 45-ാമത് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അനുമതി ലഭിച്ച‍ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് ആകെ 127.41 കോടി രൂപയുടെ ധനാനുമതിയാണ് ലഭിച്ചതെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ ( 9.76 കി.മീ) റോഡിന് 47.72 കോടി രൂപയും , ആലക്കോട് - കാപ്പിമല (7.8 കി.മീ) റോഡിന് 48.72 രൂപയും , പെരുവമ്പറമ്പ് - കല്ലുവയൽ - നെല്ലിക്കാംപോയിൽ ( 6.96 കി.മീ) റോഡിന് 30.97 കോടി രൂപയും അടക്കം ആകെ 127.41 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്.

മണ്ഡലത്തിലെ ഏറ്റവും പ്രധാപ്പെട്ട പൊതുമരാമത്ത് റോഡുകളിലൊന്നാണ് ശ്രീകണ്ഠപുരം -ചെമ്പന്തൊട്ടി - നടുവിൽ റോഡ്. 2017 - 18 ലെ ബഡ്ജറ്റിൽ ഇതിന്റെ നവീകരണത്തിനായി 15 കോടി രൂപ വകയിരുത്തുകയും തുടർന്ന് വിശദമായ എസ്റ്റിമേറ്റും പദ്ധതി റിപ്പോർട്ടും തയ്യാറാക്കുകയും ആയതിന് കിഫ്ബിയുടെ പതിനഞ്ചാമത് എക്സികുട്ടീവ് കമ്മിറ്റി ബോർഡ് അനുമതി നൽകുകയും തുടര്‍ന്ന് 31.91 കോടി രൂപയുടെ ധനാനുമതി നൽകിയിരുന്നെങ്കിലും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല.

പിന്നീട് കിഫ്ബി ഡിസൈൻ റിവ്യു ചെയ്തു. ഇതിനനുസരിച്ച് റോഡിന്റെ വീതി 7 മീറ്റര്‍ എന്നുള്ളത് 10 മീറ്റര്‍ ആക്കുകയും, റോഡ് പൂര്‍ണ്ണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. ആലക്കോട് – പൂവ്വഞ്ചാല്‍ - മാവിന്‍തട്ട് – കാപ്പിമല റോഡ്, ​ മണക്കടവ് – മൂരിക്കടവ് – കാപ്പിമല റോഡ്, ആലക്കോട് – പാത്തന്‍പാറ – വെള്ളാട് –കനകക്കുന്ന് റോഡ് എന്നീ മൂന്ന് റോഡുകള്‍ കിഫ്ബി ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് ഈ പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുവാൻ കഴിയില്ലെന്ന് കിഫ്ബി പിന്നീട് അറിയിക്കുകയായിരുന്നു. മലയോര റോഡുകളുടെ നിർമ്മാണത്തിന് ഭീമമായ തുക ചിലവുവരുമെന്നതും എന്നാൽ ഈ റോഡുകളിൽ കൂടിയുള്ള വാഹനങ്ങളുടെ എണ്ണം കുറവാണെന്നതുമാണ് പിന്മാറ്റത്തിനു കാരണമായി പറഞ്ഞത്.

എന്നാല്‍ പൈതൽമല ടൂറിസം വികസനത്തിന് ആലക്കോട് - കാപ്പിമല റോഡിന്റെ നവീകരണം അത്യാവശ്യമാണെന്ന എം.എല്‍.എ യുടെ വാദം കിഫ്ബി അംഗീകരിക്കുകയായിരുന്നു. പെരുവമ്പറമ്പ് - കല്ലുവയൽ – നെല്ലിക്കാംപോയിൽ റോഡ് മട്ടന്നൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. മട്ടന്നൂര്‍, പേരാവൂര്‍ എം.എല്‍.എ മാരും ഇതിനു വേണ്ടി ശക്തമായി ഇടപ്പെട്ടിരുന്നു. പ്രസ്തുത മൂന്ന് റോഡുകൾക്കും സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോട് എം.എൽ.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100385/12741-crore-sanctioned-for-three-roads-approved-by-kifb)