---
title: "പിണറായി സര്‍ക്കാരിനെ വിവാദങ്ങള്‍ വേട്ടയാടുന്നു: കെ സുധാകരന്‍ "
english_title: "Controversies haunt Pinarayi government: K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101144/controversies-haunt-pinarayi-government-k-sudhakaran"
published_at: "2023-03-03T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401fd219e825_czvcxvc.jpg"
keywords: []
---

# പിണറായി സര്‍ക്കാരിനെ വിവാദങ്ങള്‍ വേട്ടയാടുന്നു: കെ സുധാകരന്‍ 

> **Lead Summary:** **കണ്ണൂര്‍: **ദുരൂഹഇടപാടുകളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പിണറായി സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാജ്യത്തെ ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാനം ഭരിക്കുന്നവര്‍ പ്രതിക്കൂട്ടിലാകുന്ന ഒട്ടേറെ സംഭവങ്ങള്‍ ഓരോ ദിവസവും പൊതു സമൂഹത്തില്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്നു.

## Article Content

**കണ്ണൂര്‍: **ദുരൂഹഇടപാടുകളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പിണറായി സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാജ്യത്തെ ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാനം ഭരിക്കുന്നവര്‍ പ്രതിക്കൂട്ടിലാകുന്ന ഒട്ടേറെ സംഭവങ്ങള്‍ ഓരോ ദിവസവും പൊതു സമൂഹത്തില്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്നു.

ലൈഫ് മിഷനില്‍ സ്വപ്ന- ശിവശങ്കര്‍ എന്നിവരുടെ വാട്ട്സാപ്പ് ചാറ്റുകള്‍, മുന്‍ മന്ത്രിയും ഇടത് മുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്റെ ബന്ധുക്കള്‍ നടത്തുന്ന വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും തുടര്‍ന്ന് കേന്ദ്ര ഏജന്‍സി സ്ഥാപനത്തില്‍ നടത്തിയ പരിശോധനയുമെല്ലാം പൊതുഇടങ്ങളില്‍ ചര്‍ച്ചയാണ്. ഇത്തരം വിഷയങ്ങള്‍ സിപിഎമ്മിനകത്തു തന്നെ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജന്റെ ഭാര്യ നേതൃത്വം നല്‍കുന്ന വൈദേകം റിസോര്‍ട്ടിന് വേണ്ടി പണം മുടക്കിയവര്‍ ആപ്പിലാകുമെന്ന ഭീതിയിലാണ്. സിപിഎമ്മിനകത്തും ഈ വിഷയം വലിയ തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നു. നേതാക്കള്‍ ചേരിതിരിഞ്ഞ് വിവാദത്തില്‍ കക്ഷി ചേരുന്ന അന്തരീക്ഷം ഇതുവരെ കേട്ട് കേള്‍വിയില്ലാത്തതാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരെ പാര്‍ട്ടിക്കാര്‍ തന്നെ രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണെന് കെ.സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ കോണ്‍ഗ്രസും യുഡിഎഫും സമരപരമ്പര തന്നെ സൃഷ്ടിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ നിരന്തര പോരാട്ടത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. എത്രയോ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ലാത്തിയടിയിലും വെള്ളം ചീറ്റലിലും ടിയര്‍ഗ്യാസ് പ്രയോഗത്തിലും പരിക്കേറ്റിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ കോടതിയിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങേണ്ട സാഹചര്യമാണെന്നും കെ. സുധാകരന്‍ പറഞ്ഞു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു കെ പിസിസി ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, എ ഐ സി സി മെമ്പർ വി എ നാരായണൻ, മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, സജീവ് മാറോളി, പ്രൊഫ. എ ഡി മുസ്തഫ, കെ.സി മുഹമ്മദ് ഫൈസൽ, എം നാരായണന്‍ കുട്ടി, മുഹമ്മദ് ബ്ലാത്തൂർ, എം പി ഉണ്ണികൃഷ്ണന്‍, വി വി പുരുഷോത്തമന്‍, എം.പി വേലായുധൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെപിസിസിയുടെ 138 ചലഞ്ച് ജില്ലയില്‍ വന്‍വിജയമാക്കാനും ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രകള്‍ വിജയിപ്പിക്കാനും യോഗം കര്‍മപരിപാടിക്കുക്കു രൂപം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101144/controversies-haunt-pinarayi-government-k-sudhakaran)