---
title: "വനം വകുപ്പ് ജീവനക്കാരനെ മേലുദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി."
english_title: "Forest Department employee Complaint of being beaten by superior officer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101146/forest-department-employee-complaint-of-being-beaten-by-superior-officer"
published_at: "2023-03-03T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401ffa228b93_xzffsdf.jpg"
keywords: []
---

# വനം വകുപ്പ് ജീവനക്കാരനെ മേലുദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി.

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് റാപിഡ് റെസ്‌പോണ്‍സ് ടീമില്‍ ജോലി ചെയ്ത് വരുന്ന സീനിയര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ.അനില്‍ കുമാറിനെ സഹപ്രവര്‍ത്തകരുടേയും മേല്‍ ഉദ്യോഗസ്ഥന്‍മാരുടെയും മുന്നില്‍ വച്ച് യാതൊരു പ്രകോപനവുമില്ലാതെ അകാരണമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ആര്‍ആര്‍ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. രൂപേഷിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കെ. എസ്.എഫ്.പി.എസ്.ഒ. വയനാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി.

## Article Content

**കല്‍പ്പറ്റ: **വയനാട് റാപിഡ് റെസ്‌പോണ്‍സ് ടീമില്‍ ജോലി ചെയ്ത് വരുന്ന സീനിയര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ.അനില്‍ കുമാറിനെ സഹപ്രവര്‍ത്തകരുടേയും മേല്‍ ഉദ്യോഗസ്ഥന്‍മാരുടെയും മുന്നില്‍ വച്ച് യാതൊരു പ്രകോപനവുമില്ലാതെ അകാരണമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ആര്‍ആര്‍ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. രൂപേഷിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കെ. എസ്.എഫ്.പി.എസ്.ഒ. വയനാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി.

വകുപ്പിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ സ്ഥിരമായി ചെയ്തുവരുന്ന റേഞ്ച് ഓഫീസര്‍ക്കെതിരെ ജീവനക്കാര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കേണ്ടത് അനിവാര്യമാണെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. 

വയനാട് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകളുടെ  പ്രശ്‌നങ്ങള്‍  നിരന്തരം  കെഎസ്എഫ്പിഎസ്ഒ ജില്ലാ സെക്രട്ടറി ക്കൂടിയായ അനില്‍കുമാര്‍ ആവശ്യപ്പെടുന്നതും  ഓഫീസിന്റ ചുമതലയുള്ള റേഞ്ച് ഓഫീസര്‍  രൂപേഷിന്  ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ലെന്നും.

നിരവധി പരാതികള്‍ ഉണ്ടായിട്ടും വകുപ്പ് തലത്തില്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും സംഘടന ഭാരവാഹികള്‍ ആരോപിച്ചു. വനം വകുപ്പില്‍ കാര്യക്ഷമമായി ജോലി ചെയ്യുകയും അതോടൊപ്പം തന്നെ ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന  അനില്‍ കുമാറിനെ അകാരണമായി മര്‍ദ്ദിക്കുന്നതിലൂടെ സംഘടനെയെ തകര്‍ക്കാനുള്ള ഗൂഡ ശ്രമം നടക്കുന്നതായും ജില്ലാ കമ്മിറ്റി സംശയിക്കുന്നതായി നേതൃത്വം പ്രസ്താവിച്ചു.

ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കേണ്ടത് അനിവാര്യമാണ്. മേല്‍ സാഹചര്യത്തില്‍ റേഞ്ച് ഓഫീസറെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി വകുപ്പ് തലത്തിലും പോലീസിലും  കേസ് എടുപ്പിച്ച് അന്വേഷിക്കുന്നതിനും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും  കെഎസ്എഫ്പിഎസ്ഒ  വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നും സംഘടന അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101146/forest-department-employee-complaint-of-being-beaten-by-superior-officer)