---
title: "കണ്ണൂർ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോബോട്ടിക് പ്രദർശനം നടന്നു"
english_title: "Kannur Aroli Govt. In higher secondary school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101772/kannur-aroli-govt-in-higher-secondary-school"
published_at: "2023-03-07T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406f0b09116a_IMG-20230307-WA0112.jpg"
keywords: []
---

# കണ്ണൂർ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോബോട്ടിക് പ്രദർശനം നടന്നു

> **Lead Summary:**  നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ വിളിച്ചോതി കണ്ണൂർ ജില്ലയിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോബോട്ടിക് പ്രദർശനം. പതിവിൽനിന്ന് വ്യത്യസ്തമായി ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാനെത്തിയത് ഒരു റോബോട്ടായിരുന്നു. അതും വിദ്യാർഥികൾ നിർമിച്ചത്. സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്‌സെറ്റ് കണ്ണൂർ ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ് പ്രദർശനം റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദ്യാർഥികളുടെ നൂതന കണ്ടുപിടിത്തങ്ങളാൽ ശ്രദ്ധേയമായി.

## Article Content

 നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ വിളിച്ചോതി കണ്ണൂർ ജില്ലയിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോബോട്ടിക് പ്രദർശനം. പതിവിൽനിന്ന് വ്യത്യസ്തമായി ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാനെത്തിയത് ഒരു റോബോട്ടായിരുന്നു. അതും വിദ്യാർഥികൾ നിർമിച്ചത്. സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്‌സെറ്റ് കണ്ണൂർ ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ് പ്രദർശനം റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദ്യാർഥികളുടെ നൂതന കണ്ടുപിടിത്തങ്ങളാൽ ശ്രദ്ധേയമായി.

സഞ്ചരിക്കുന്നതുൾപ്പെടെ വിവിധ റോബോട്ടുകളാണ് അരോളി ഹൈസ്കൂൾ വിദ്യാർഥികൾ ഒരുക്കിയത്. തീവണ്ടിയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനായി കതിരൂർ ജി.വി.എച്ച്.എസ്. വിദ്യാർഥികൾ ഒരുക്കിയ തീവണ്ടി സുരക്ഷാ സംവിധാനത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായിരുന്നു മറ്റൊരു കണ്ടുപിടിത്തം. തീവണ്ടിയിൽ എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ് ഓണാക്കി അതിലെ ബട്ടൺ അമർത്തുമ്പോൾ തീവണ്ടി വാതിൽ ഓട്ടോമാറ്റിക്കായി അടയും, അലാറം മുഴങ്ങും. ചുവന്ന ബൾബ് പ്രകാശിക്കുകയും ചെയ്യും.

ഇതോടൊപ്പം ലോക്കോ പൈലറ്റിന്റെ കാബിനിൽ ചുവന്ന ലൈറ്റ് തെളിയും. അടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് സന്ദേശമെത്തും. അതേ മൊബൈലിലെ മറ്റൊരു ബട്ടൺ അമർത്തുമ്പോൾ മാത്രമേ ഡോർ അൺലോക്ക് ആകൂ. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാർഥികൾ വിശദീകരിക്കുന്നത്. 15 സ്കൂളുകളിൽനിന്നായി 95 പേരാണ് പ്രദർശനത്തിൽ പങ്കെടുത്തത്. അറുപതോളം കണ്ടുപിടിത്തങ്ങൾ മേളയെ ശ്രദ്ധേയമാക്കി. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101772/kannur-aroli-govt-in-higher-secondary-school)