---
title: "ആറളത്ത് ആഫ്രിക്കൻ പന്നിപ്പനി:10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി കലക്ടര്‍ പ്രഖ്യാപിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102330/aralam"
published_at: "2023-03-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ae9790dbe9_Screenshot_20230310-135507_WhatsApp.jpg"
keywords: []
---

# ആറളത്ത് ആഫ്രിക്കൻ പന്നിപ്പനി:10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി കലക്ടര്‍ പ്രഖ്യാപിച്ചു

> **Lead Summary:** ആറളം പഞ്ചായത്തിലെ വീര്‍പ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായും കലക്ടര്‍ പ്രഖ്യാപിച്ചു.

## Article Content

ആറളം പഞ്ചായത്തിലെ വീര്‍പ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായും കലക്ടര്‍ പ്രഖ്യാപിച്ചു.

ഫാമിലെ പന്നികള്‍ മുഴുവന്‍ ചത്തതായും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി ഫാമുകള്‍ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. ആറളം പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍നിന്ന്‌ മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തണം.

രോഗവിമുക്ത മേഖലയില്‍നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍, കെഎസ്‌ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരുള്‍പ്പെട്ട ടീം രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കണം. അണുനശീകരണത്തിനുശേഷം ഫാമില്‍ ഫ്യൂമിഗേഷന്‍ നടപടികള്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102330/aralam)