---
title: "ആറളം വന്യജീവി സങ്കേതം/ കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തിവന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. "
english_title: "The annual bird census conducted at Aralam Wildlife Sanctuaries/ Kottiur Wildlife Sanctuaries has been concluded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102705/the-annual-bird-census-conducted-at-aralam-wildlife-sanctuaries-kottiur-wildlife-sanctuaries-has-been-concluded"
published_at: "2023-03-12T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640db28f26fd3_aralam.jpg"
keywords: []
---

# ആറളം വന്യജീവി സങ്കേതം/ കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തിവന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. 

> **Lead Summary:** **ആറളം : ** ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറളം വന്യജീവി സങ്കേതം/ കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തി വന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. ആറളത്ത് തുടര്‍ച്ചയായി നടക്കുന്ന 22 മത്തെ സര്‍വ്വെയാണ് 12/03/2023 ന് സമാപിച്ചത്. ഇന്ത്യയില്‍ തന്നെ ആറളത്ത് മാത്രമാണ് തുടര്‍ച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തില്‍ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്.

## Article Content

**ആറളം : ** ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറളം വന്യജീവി സങ്കേതം/ കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തി വന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. ആറളത്ത് തുടര്‍ച്ചയായി നടക്കുന്ന 22 മത്തെ സര്‍വ്വെയാണ് 12/03/2023 ന് സമാപിച്ചത്. ഇന്ത്യയില്‍ തന്നെ ആറളത്ത് മാത്രമാണ് തുടര്‍ച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തില്‍ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്.

2023 മാര്‍ച്ച് 10, 11, 12 തീയതികളിലായി നടത്തിയ സര്‍വ്വെയുടെ ഉദ്ഘാടന പരിപാടി 10/03/2023 ന് വൈകിട്ട് ആറളം വന്യജീവി സങ്കേതത്തില്‍ വെച്ച് നടന്നു. ശ്രീ. സത്യന്‍ മേപ്പയൂര്‍, MNHS ന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. വി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. സത്യന്‍ മേപ്പയൂര്‍ സര്‍വ്വെ ടീമുകള്‍ക്ക് ആറളം വന്യജീവി സങ്കേതത്തെ പരിചയപ്പെടുത്തുകയും, ഡോ. റോഷ്നാഥ് രമേശ്, Centre for Wildlife Studies സര്‍വ്വെ രീതിശാസ്ത്രം വിവരിക്കുകയും ചെയ്തു. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. പി പ്രസാദ് സ്വാഗതവും, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ. കെ രാജു നന്ദിയും പറഞ്ഞു. കേരളത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം പക്ഷി നിരീക്ഷകര്‍ സര്‍വ്വെയില്‍ പങ്കെടുത്തു. വന്യജീവി സങ്കേതത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം അടക്കം 161 പക്ഷിജാതികളെ മൂന്ന് ദിവസങ്ങളിലായി നടന്ന സര്‍വ്വെയില്‍ കണ്ടെത്തി. ചെറിയ മീന്‍ പരുന്ത് (Lesser fish eagle) ആണ് പുതുതായി കണ്ടെത്തിയത്.

ഇതോടെ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ മൊത്തം പക്ഷികളുടെ എണ്ണം 241 ആയെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. വി സന്തോഷ് കുമാര്‍ അറിയിച്ചു. കൂടാതെ 7 വര്‍ഷങ്ങള്‍ക്ക് ശേഷം ബാണാസുര ചിലപ്പനെയും (Banasura laughing thrush) വന്യജീവി സങ്കേതത്തില്‍ കാണുകയുണ്ടായി. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെയും വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സര്‍വ്വെ നടത്തിയത്.

12/03/2023 ന് ഉച്ചയ്ക്ക് ശേഷം ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. പി പ്രസാദിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ അവലോകനത്തില്‍ ശ്രീ. സത്യന്‍ മേപ്പയൂര്‍, MNHS, ഡോ. റോഷ്നാഥ് രമേശ്, Centre for Wildlife Studies എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വെ ഡാറ്റകള്‍ ഏകോപിപ്പിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച് സര്‍വ്വെ അവസാനിച്ചു. ആറളം/കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലെ സ്റ്റാഫും വാച്ചര്‍മാരും പക്ഷി നിരീക്ഷകര്‍ക്ക് വേണ്ട പിന്തുണ നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102705/the-annual-bird-census-conducted-at-aralam-wildlife-sanctuaries-kottiur-wildlife-sanctuaries-has-been-concluded)