---
title: "സംവിധായകൻ ജി അരവിന്ദൻ ഓർമ്മയായിട്ട് 32 വർഷങ്ങൾ"
english_title: "Director g aravindhan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103123/director-g-aravindhan"
published_at: "2023-03-15T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64114f33ddfee_images_(3).jpeg"
keywords: []
---

# സംവിധായകൻ ജി അരവിന്ദൻ ഓർമ്മയായിട്ട് 32 വർഷങ്ങൾ

> **Lead Summary:** എസ്തപ്പാൻ, വാസ്തുഹാര, ഒരിടത്ത്, കാഞ്ചനസീത മതി ജി അരവിന്ദൻ എന്ന സംവിധായകനെ ഓർക്കാൻ ഒരു മലയാളിക്ക് ഒരു സിനിമാ ആസ്വാദകന് ഇത്രയും മതി. മലയാളിയുടെ സിനിമാ സങ്കൽപ്പങ്ങളെ തെറ്റിച്ചുകൊണ്ട് ഇങ്ങനേയും അതുണ്ടെന്നു കൂടുതൽ കനപ്പിൽ പഠിപ്പിച്ചയാളാണ് ജി.അരവിന്ദൻ. അന്നുവരെയില്ലാത്ത കാഴചയുടെ കാഴ്ചപ്പാടിലേക്ക് അരവിന്ദൻ ക്യാമറകാട്ടി. ഇങ്ങനെ ആകസ്മികതയുടെ ആകാംക്ഷയിൽ കലയുടെ പുത്തനുടുപ്പിട്ട സിനിമാശരീരവും ആത്മാവും നമുക്കുണ്ടായി.അരവിന്ദൻ സ്വന്തം സിനിമകളിൽ അതുവരെയുള്ള വ്യവസ്ഥകളെ മാറ്റി നിർത്തി തന്റെ കാർട്ടൂണുകളിലേതു പോലെ ആശയങ്ങൾ ദൃശ്യാനുഭവങ്ങളാക്കുകയാണ് ചെയ്തത്. ഗോവിന്ദൻ നായർ അരവിന്ദൻ എന്ന ജി അരവിന്ദൻ 1935 ജനുവരി 21-ന് കോട്ടയത്ത് ജനിച്ചു. സിനിമ സീരിയസ്സായി കാണുന്നതിനും മുൻപ് തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചുരുന്നു. ഗിമ്മിക്കുകൾ കാണിക്കാത്ത അരവിന്ദന്റെ ക്യാമറ വേറിട്ട കാഴ്ചയുടെ വ്യാകരണമായി. അതിനാലാണ് നിശ്ചലമായ ക്യാമറയെന്നുള്ള വിമർശനം പലപ്പോഴും ഉയർന്നു വന്നത്.

## Article Content

എസ്തപ്പാൻ, വാസ്തുഹാര, ഒരിടത്ത്, കാഞ്ചനസീത മതി ജി അരവിന്ദൻ എന്ന സംവിധായകനെ ഓർക്കാൻ ഒരു മലയാളിക്ക് ഒരു സിനിമാ ആസ്വാദകന് ഇത്രയും മതി. മലയാളിയുടെ സിനിമാ സങ്കൽപ്പങ്ങളെ തെറ്റിച്ചുകൊണ്ട് ഇങ്ങനേയും അതുണ്ടെന്നു കൂടുതൽ കനപ്പിൽ പഠിപ്പിച്ചയാളാണ് ജി.അരവിന്ദൻ. അന്നുവരെയില്ലാത്ത കാഴചയുടെ കാഴ്ചപ്പാടിലേക്ക് അരവിന്ദൻ ക്യാമറകാട്ടി. ഇങ്ങനെ ആകസ്മികതയുടെ ആകാംക്ഷയിൽ കലയുടെ പുത്തനുടുപ്പിട്ട സിനിമാശരീരവും ആത്മാവും നമുക്കുണ്ടായി.അരവിന്ദൻ സ്വന്തം സിനിമകളിൽ അതുവരെയുള്ള വ്യവസ്ഥകളെ മാറ്റി നിർത്തി തന്റെ കാർട്ടൂണുകളിലേതു പോലെ ആശയങ്ങൾ ദൃശ്യാനുഭവങ്ങളാക്കുകയാണ് ചെയ്തത്. ഗോവിന്ദൻ നായർ അരവിന്ദൻ എന്ന ജി അരവിന്ദൻ 1935 ജനുവരി 21-ന് കോട്ടയത്ത് ജനിച്ചു. സിനിമ സീരിയസ്സായി കാണുന്നതിനും മുൻപ് തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചുരുന്നു. ഗിമ്മിക്കുകൾ കാണിക്കാത്ത അരവിന്ദന്റെ ക്യാമറ വേറിട്ട കാഴ്ചയുടെ വ്യാകരണമായി. അതിനാലാണ് നിശ്ചലമായ ക്യാമറയെന്നുള്ള വിമർശനം പലപ്പോഴും ഉയർന്നു വന്നത്.

അന്ന് 1974ൽ നിർമിച്ച ഉത്തരായനം എന്ന ആദ്യചിത്രത്തിൽ ഒരു കാർട്ടൂണിസ്റ്റിനെയും ആ പരമ്പരയിലെ ചില കഥാപാത്രങ്ങളെയും നമുക്കു കാണാം. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൽ 'രവി'യെന്ന ചെറുപ്പക്കാരന്റെ ജീവിതപ്രതിസന്ധികളും വൈകാരിക അനുഭവങ്ങളും ക്‌ളാസിക്ക് ശൈലിയിൽ സിനിമ കൈകാര്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ 1974ലാണ് ചിത്രം പുറത്തിറങ്ങിയത്. 

1977ൽ സി. എൻ. ശ്രീകണ്ഠൻ നായരുടെ 'കാഞ്ചനസീത' എന്ന നാടകത്തെ അവലംബിച്ച് അതേ പേരിൽ സിനിമ നിർമ്മിച്ചു, ലോകോത്തരമെന്നു വിശേഷിപ്പിക്കാവുന്ന കാഞ്ചന സീത മാത്രംമതി അരവിന്ദനിലെ ഇതിഹാസ ചലച്ചിത്രകാരനെ തിരിച്ചറിയാൻ. പുരാണ പുനരാഖ്യാനങ്ങളുടെ നീണ്ട പാരമ്പര്യമുള്ള ഇന്ത്യൻ സിനിമാചരിത്രത്തിൽ തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ് കാഞ്ചനസീത. നാടകത്തിലെ ചടുലമായ സംഭാഷണങ്ങൾക്കു പകരം മൗനം നിറഞ്ഞ സിനിമ പുതിയ ഒരനുഭവം അന്ന് മലാളത്തിന് പങ്കുവച്ചു. ആന്ധ്രയിലെ ആദിഗോത്രസമൂഹത്തിലെ കഥാപാത്രങ്ങളാണ് സിനിമയിൽ രാമനും ലക്ഷ്മണനും സീതയുമൊക്കെയായി അഭിനയിച്ചത്. പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധങ്ങളും അതിലെ വൈരുദ്ധ്യങ്ങളുമൊക്കെ കാവ്യാത്മാക്കളായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. രാമയണകഥയ്ക്ക് പുതിയ ഭാഷ്യം നൽകിയ 'കാഞ്ചനസീത'യ്ക്ക് ദേശീയ പുരസ്‌കാരം വരെ ലഭിക്കുകയുണ്ടായി. പിന്നീട് 1978ൽ പുറത്തിറങ്ങിയ സർക്കസ്സുകൂടാരങ്ങൾക്കു പിന്നിലെ കഥയാണ് 'തമ്പ്' എന്ന സിനിമ പറഞ്ഞുതരുന്നത്. താരതമ്യേന ലളിതമായ ആഖ്യാനശൈലിയും കുറേ നല്ല കാഴ്ച്ചകളും സമ്മാനിച്ച സിനിമയയിരുന്നു 'തമ്പ്'. ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം കടന്നുവരുന്നതിനെയും അതവിടെയുണ്ടാക്കുന്ന കുറച്ചുകാലത്തേക്കുള്ള ചെറുചലനങ്ങളെയും കുറിച്ചുള്ളതാണ്. അതു കഴിഞ്ഞ് 1979 ൽ പുറത്തിറങ്ങിയ കുമ്മാട്ടി കുട്ടികളുടെ ഭാവനാലോകത്തിലേക്കുള്ള ഒരു സഞ്ചാരമാണ്, 'കുമ്മാട്ടി' കുട്ടികളുടെ സിനിമയായാണ് രൂപം കൊണ്ടത്. അതിലെ മുത്തശ്ശിക്കഥയും സംഗീതവും മുതിർന്നവരുടേയും പ്രശംസ നേടിയെടുത്തു. ഒരു സാങ്കൽപ്പിക കഥയുടെ ചുരുൾ നിവർത്തുന്ന 'കുമ്മാട്ടി'യും ദേശിയപുരസ്‌കാരം നേടി ശ്രദ്ധ നേടിയടുത്ത ചിത്രമാണ്.ഇന്ത്യൻ സിനിമയിലെതന്നെ അപൂർവസുന്ദരമായ ഒരു ചിത്രമാണിത്. അതിശയിപ്പിക്കുന്ന ദൃഷ്യാവിഷ്ക്കാരം എന്നാണ് ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസെസി കുമ്മാട്ടിയെ പ്രശംസിച്ച് കൊണ്ട് പറഞ്ഞത്. സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്റെ റിസ്റ്റോറേഷൻ സ്‌ക്രീനിംഗ് റൂമിൽ കുമ്മാട്ടി പ്രദർശിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്. 

പിന്നീട് 1979 ക്രിസ്തുവിന്റെ ജീവിതകഥയുടെ നിഴൽവീണ അവദൂത ജന്മത്തിന്റെ കഥപറയുന്നു 'എസ്തപ്പാൻ' എന്ന ചലച്ചിത്രം. മിസ്റ്റിക്ക് അനുഭവം കാഴ്ചവെയ്ക്കുന്ന എസ്തപ്പാനിൽ പ്രധാനകഥാപാത്രം കൈകാര്യം ചെയ്യുന്നത് രാജൻ കാക്കനാടനാണ്. ഒരു കടലോരഗ്രാമത്തിലെ മനുഷ്യൻ അവിടെയുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയും കഥകളിലൂടെയും ഒരു ഐതിഹ്യമായി വികസിക്കുന്നതിന്റെ നേർസാക്ഷ്യമാണ് എസ്തപ്പാൻ. തന്റെ സിനിമാ് ആസ്വാദകർക്ക് മെൽ ഒരു ഇമോഷണൽ ബ്ലാക്ക്മെയിലിം​ഗ് നടത്താൻ ജി അരവിന്ദൻ പ്രയോ​ഗിച്ചത് പോക്കു വെയിൽ എന്ന സനിമയായിരുന്നു. ഇത് മുഴുവനായും കണാനാണ് ഉദ്ദേശമെങ്കിൽ നിങ്ങളുടെ മനസ്സ് വ്രണപ്പെട്ട് പോകുമെന്ന് ബ്ലാക്ക് മെയിൽ ചെയ്യാൻ പാകത്തിൽ ഒരുക്കിയ ആദ്യ മിനുട്ടുകൾ തന്നെ ആ സിനിമ അരവിന്ദന്റെ വ്യക്തിസങ്കൽപ്പങ്ങളെ പൂർണ്ണതയിൽ എത്തിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ആന്തരികവിലാപങ്ങളും ഏകാന്തതയും കവിതപോലെ മനോഹരമായ ക്യാമറാഷോട്ടുകളാൽ പോക്കുവെയിൽ ചിത്രങ്ങൾ കോറിയിടുന്നു. സംഗീതത്തിന്റെ വിസ്മയകരമായ ശ്രുതിതാളങ്ങൾ ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴൽ നാദത്തിലൂടെ ഈ ചിത്രത്തിൽ ഉടനീളം അരവിന്ദൻ ഉപയോഗിക്കുന്നുണ്ട്.. ഒരു മാസ്മരിക സംഗീതജ്ഞന്റെ ഭാവന വാനോളം ഉയർന്നു നിൽക്കുന്ന ചിത്രം കൂടിയാണ് പോക്കുവെയിൽ. 

 ചിദംബരം എന്ന സിനിമ കുറേക്കൂടി ഗൗരവമേറിയ കഥ കൈകാര്യം ചെയ്യുന്നു. വിശ്വാസം, വഞ്ചന തുടങ്ങിയവ ഒരു പാപബോധത്തിന്റെ മനസ്സിന്റെ ഉടമയെ നിരന്തരം വേട്ടയാടി അശാന്തിയുടെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രത്തിനും ദേശിയ പുരസ്‌കാരം നേടിക്കൊടുക്കുകയുണ്ടായി. ഭരത് ഗോപി, ശ്രീനിവാസൻ, സ്മിത പാട്ടീൽ എന്നിവരുടെ കുറേ നല്ല അഭിനയമുഹൂർത്തങ്ങളും സിനിമയുടെ ആകർഷണങ്ങളാണ്. അടുത്ത ചിത്രമായ ഒരിടത്ത് ഒരു ഗ്രാമത്തിൽ വിദ്യുച്ഛക്തി സംവിധാനം കടന്നുവരുമ്പോഴുള്ള വിവിധങ്ങളായ ചലനങ്ങളും മാറ്റങ്ങളും നർമ്മബോധത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ്. നെടുമുടി വേണുവിന്റെ അഭിനയമുഹൂർത്തങ്ങൾ ഈ സിനിമയുടെ പ്രത്യേകതകളാണ്. കാവാലം നാരായണപ്പണിക്കരുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള മാറാട്ടം കഥകളിയിൽ കീചകവേഷം ചെയ്യുന്ന നടനോട് ഒരു സ്ത്രീക്കു തോന്നുന്ന അഭിനിവേശത്തെക്കുറിച്ചും വധിക്കപ്പെട്ട കീചകനെക്കുറിച്ചുമുള്ളതാണ്; അവസാനചിത്രമായ വാസ്തുഹാര പലായനത്തെയും പ്രവാസത്തെയും കുറിച്ചുള്ളതാണ്. വിഭജനകാലത്തെ കുടുംബവിഹ്വലതകളും പ്രണയത്തിന്റെ സവിശേഷമായ വേദനകളും പങ്കുവയ്ക്കുന്നു. വാസ്തുഹാരയിൽ മോഹൻലാൽ-നീന ഗുപ്ത എന്നിവരുടെ അഭിനയമുഹൂർത്തങ്ങളും ശ്രദ്ധേയമാണ്. 

ഗുരുതരമായ രോഗം ബാധിച്ച് ഏറെ കാലം ചികിത്സയിലായിരുന്ന അരവിന്ദൻ 1991 മാർച്ച് 15-ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. ഇന്നും കാലിക പ്രസക്തി വിട്ടുമാറാത്ത ആദ്ദേഹം ചെയ്ത സിനിമകൾ മലയാള സിനിമാലോകത്തിലെ രത്‌നങ്ങളായി നിലനിൽക്കുന്നുവെന്ന് പറയാം. 7 തവണയാണ് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ജി അരവിന്ദൻ സ്വന്തമാക്കിയത്. 3 തവണ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്, 1990ൽ ഇന്ത്യൻ ഗവർണ്മന്റ് പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 

പോക്കു വെയിലിലെ സുദീർഘമായ ഒരു ഷോട്ടിനെക്കുറിച്ച് വളരെ വലിയ വിമർശനം അന്നത്തെ കാലത്ത് ഉയർന്നിരുന്നു. ഇതിലെ കഥാപാത്രമായ കവി ഒരറ്റത്തു നിന്നും നടന്നു വന്ന് കടന്നുപോകാനെടുക്കുന്ന സമയം നീണ്ടു പോയി ഇതിനിടയിൽ എവിടെയും ക്യാമറ ചലിക്കുന്നില്ല. പക്ഷ ക്യാമറയ്ക്കു മുന്നിൽ ചലനമുണ്ട്്-കഥാപാത്രങ്ങളുടെ ചലനമുണ്ട്. ക്യാമറയുടെ ചലനമല്ല ചിത്രീകരിക്കപ്പെടേണ്ടതിന്റെ ചലനത്തിലായിരുന്നു അരവിന്ദന്റെ ശ്രദ്ധ. ഒറ്റനോട്ടത്തിൽ ചിലർക്ക് വിയോജിപ്പുകൾ അസ്വസ്ഥതകൾ ഒക്കെ തോന്നിയേക്കും. അവിടെയാണ് നേരത്തെ പറഞ്ഞ ബ്ലാക്ക് മെയിലിന്റെ പ്രസക്തി. ആഴമുള്ള മനുഷ്യാവസ്ഥകളോടൊപ്പം പ്രകൃതിയുമായി മനുഷ്യൻ സംതുലനം പ്രാപിക്കേണ്ടുന്നതിന്റെ ഊന്നലാണ് അരവിന്ദൻ സിനിമ. ആകാശം, കടൽ, കാട്, പുഴ, നദി, പറവ എന്നിങ്ങനെ അർഥവത്തായ പ്രകൃതി പ്രത്യയങ്ങൾ ഇത്തരം സംതുലനത്തിന്റെ കൂടി ഭാഷ്യങ്ങളാണ്. നടത്തം, ചലനം, അതിനേക്കാൾ മുഴക്കമുള്ള മൗനവുമൊക്ക ഇങ്ങനെയുള്ള പ്രകൃതി സ്പർശ്യങ്ങളാണ്. അതുകൊണ്ടുതന്നെ അരവിന്ദന്റെ സിനിമ മുന്നോട്ടുവെക്കുന്ന പ്രകൃതം പ്രതീക്ഷയുടേതായിരുന്നു. മലയാള സനിമയ്ക്ക് എക്കാലവും ഡ്രാഫ്റ്റ് ചെയ്ത് വയ്ക്കാവുന്ന മികച്ച റഫറൻസിൽ ഒന്നാണ് ജി അരവിന്ദൻ എന്ന സംവിധായകനും അദ്ദേഹത്തിന്റെ സിനമകളും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103123/director-g-aravindhan)