---
title: "കർഷകർക്ക് മാതൃകയായി നബീസ ബീവി "
english_title: "Nabeesa beevi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103370/nabeesa-beevi"
published_at: "2023-03-16T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412f6537d210_IMG-20230316-WA0083.jpg"
keywords: []
---

# കർഷകർക്ക് മാതൃകയായി നബീസ ബീവി 

> **Lead Summary:**  സമൂഹത്തിന് മുന്നില്‍ മികച്ച മാതൃകകളായിട്ടുള്ള ഒട്ടനവധി സ്ത്രീകളില്‍ ഒരാളാണ് ചെറുപുഴ കന്നിക്കളത്തെ നബീസ ബീവി. ചെറുപുഴ കൃഷിഭവന്‍, ചെറുപുഴ പഞ്ചായത്ത് എന്നിവ സംഘടിപ്പിക്കുന്ന കൃഷി അനുബന്ധ പരിപാടികളിലെ സജീവസാന്നിധ്യം കൂടിയാണ് ഈ കര്‍ഷക.പഞ്ചായത്തും മറ്റ് സാമൂഹിക-സാംസ്‌കാരിക സംഘടനകളും മികച്ച കര്‍ഷകയ്ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി നബീസയെ ആദരിച്ചിട്ടുമുണ്ട്. 

## Article Content

 സമൂഹത്തിന് മുന്നില്‍ മികച്ച മാതൃകകളായിട്ടുള്ള ഒട്ടനവധി സ്ത്രീകളില്‍ ഒരാളാണ് ചെറുപുഴ കന്നിക്കളത്തെ നബീസ ബീവി. ചെറുപുഴ കൃഷിഭവന്‍, ചെറുപുഴ പഞ്ചായത്ത് എന്നിവ സംഘടിപ്പിക്കുന്ന കൃഷി അനുബന്ധ പരിപാടികളിലെ സജീവസാന്നിധ്യം കൂടിയാണ് ഈ കര്‍ഷക.പഞ്ചായത്തും മറ്റ് സാമൂഹിക-സാംസ്‌കാരിക സംഘടനകളും മികച്ച കര്‍ഷകയ്ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി നബീസയെ ആദരിച്ചിട്ടുമുണ്ട്. 

 സമൃദ്ധമായ ജൈവകൃഷിയിടം ഒരുക്കിയാണ് നബീസ ബീവി ചെറുപുഴയുടെ പ്രിയങ്കരിയായത്. ചെറുപുഴ കന്നിക്കളത്തെ പുതക്കുഴിയില്‍ നബീസ ബീവിയുടെ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടം മുഴുവന്‍ വിവിധയിനം പച്ചക്കറികളുടെ കലവറയാണ്.

വഴുതന, കാന്താരി, പച്ചമുളക്, വിവിധയിനം ചീരകള്‍, ക്യാബേജ്, ചോളം, പയര്‍, തക്കാളി, കക്കിരി, കുമ്പളം, കോളിഫ്‌ളവര്‍, സവോള, പൊതിന, വിവിധ തരം പഴവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് നബീസ ബീവിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നത്.

ഇതിനുപുറമേ മീന്‍ വളര്‍ത്തല്‍, മുട്ടക്കോഴി, ചെറുതേന്‍, ആട് തുടങ്ങിയവയുമുണ്ട്.വിവാഹശേഷമാണ് നബീസ കൃഷി ചെയ്തു തുടങ്ങിയത്. ഇന്ന് മലയോര മേഖലയിലെ അറിയപ്പെടുന്ന കര്‍ഷകയായ നബീസ ബീവി കൃഷിയെ കുറിച്ചു ക്ലാസ്സെടുക്കാറുമുണ്ട്.

സ്ത്രീകള്‍ക്ക് ചെയ്യാന്‍ വിചാരിച്ചു കഴിഞ്ഞാല്‍ ഒന്നും അസാധ്യമായിട്ടില്ല. ഏത് പ്രതിബന്ധത്തെയും തരണം ചെയ്യുന്നതിനുള്ള അര്‍ജവം സ്ത്രീക്കുണ്ട്. ആരെയും ആശ്രയിക്കാതെ തന്നെ അവള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുമെന്നാണ് നബീസ ബീവി വിശ്വസിക്കുന്നത്.

 വീട്ടിലെ ആവശ്യങ്ങള്‍ക്കു ശേഷം പച്ചക്കറികള്‍ മുഴുവന്‍ വില്‍പന നടത്തുകയാണു ചെയ്യുന്നത്. ആവശ്യക്കാര്‍ വീട്ടില്‍ വന്നു പച്ചക്കറികള്‍ വാങ്ങും. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ഭര്‍ത്താവ് അബ്ദുല്‍ റഹ്‌മാനും നബീസയെ സഹായിച്ച് ഒപ്പമുണ്ട്. മക്കളായ റിനാലും, റിനിയയും മരുമകള്‍ ഫൗസിയും ഒഴിവുസമയം നബീസയ്‌ക്കൊപ്പം കൃഷിയിടത്തിലാണ് ചെലവഴിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103370/nabeesa-beevi)