---
title: " അധ്യാപകബാങ്കിൽ ആരും ഇല്ലെങ്കിൽ എയ്ഡഡ് സ്‌കൂളുകള്‍ക്ക് താത്കാലിക നിയമനം നടത്താം: ഡി.ജി.ഇ"
english_title: "Aided schools can make temporary appointments"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10404/aided-schools-can-make-temporary-appointments"
published_at: "2021-11-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f563a21960_images (4).jpeg"
keywords: []
---

#  അധ്യാപകബാങ്കിൽ ആരും ഇല്ലെങ്കിൽ എയ്ഡഡ് സ്‌കൂളുകള്‍ക്ക് താത്കാലിക നിയമനം നടത്താം: ഡി.ജി.ഇ

> **Lead Summary:** കോഴിക്കോട്: എയ്ഡഡ് സ്കൂളുകളിൽ പുതിയ ഡിവിഷനുകളിലേക്ക് അധ്യാപകരെ നിയമിക്കാൻ അധ്യാപകബാങ്കിൽ ആരും ഇല്ലെങ്കിൽ സ്കൂൾമാനേജർമാർക്ക് താത്കാലികനിയമനം നടത്താൻ അനുമതി. അധ്യാപകബാങ്കിലെ മുഴുവൻ പേരെയും പല ജില്ലകളിലും പുനർവിന്യസിച്ചുകഴിഞ്ഞു.

## Article Content

കോഴിക്കോട്: എയ്ഡഡ് സ്കൂളുകളിൽ പുതിയ ഡിവിഷനുകളിലേക്ക് അധ്യാപകരെ നിയമിക്കാൻ അധ്യാപകബാങ്കിൽ ആരും ഇല്ലെങ്കിൽ സ്കൂൾമാനേജർമാർക്ക് താത്കാലികനിയമനം നടത്താൻ അനുമതി. അധ്യാപകബാങ്കിലെ മുഴുവൻ പേരെയും പല ജില്ലകളിലും പുനർവിന്യസിച്ചുകഴിഞ്ഞു.

ഇതുകാരണം നിയമനം നടക്കാതിരിക്കുകയും പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത സാഹചര്യവും കണക്കിലെടുത്താണ് അനുമതി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയത്.

എയ്ഡഡ് സ്കൂളുകളിൽ പുതിയ ഡിവിഷനുകൾ വരുമ്പോൾ 1:1 അനുപാതത്തിൽ ഒരു അധ്യാപകനെ മാനേജരും ഒരു അധ്യാപകനെ അധ്യാപകബാങ്കിൽനിന്നും നിയമിക്കണം. എൽ.പി., യു.പി. സ്കൂളുകളിൽ പലയിടത്തും ഒന്നിലേറെ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അധ്യാപകബാങ്കിൽനിന്ന് നിയമനം നടത്താൻ പല ജില്ലകളിലും ആളില്ലാത്ത സാഹചര്യത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന് സ്കൂൾമാനേജർമാർ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് മാനദണ്ഡംകൂടി കർശനമായി സ്കൂളുകളിൽ പാലിക്കേണ്ടതുകൊണ്ട് നിലവിലുള്ള മുഴുവൻ തസ്തികകളിലുള്ള അധ്യാപകർ ഉണ്ടായാലും നിരീക്ഷണം കാര്യക്ഷമമാവില്ല. ആ സാഹചര്യത്തിൽ ഒഴിവുകൾ നികത്താതിരിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുവെന്നായിരുന്നു മാനേജർമാരുടെ നിലപാട്.

അനുമതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നിർദേശം നൽകി. വിവിധജില്ലകളിലായി മുന്നൂറോളം അധ്യാപകരെ അടിയന്തരമായി താത്കാലികമായി നിയമിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10404/aided-schools-can-make-temporary-appointments)