---
title: "വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായുള്ള കാർണിവൽ  നിരക്കു വര്‍ധനക്കെതിരെ  നാട്ടുകാരുടെ പ്രതിഷേധം "
english_title: "Carnival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104081/carnival"
published_at: "2023-03-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418142251959_IMG-20230320-WA0066.jpg"
keywords: []
---

# വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായുള്ള കാർണിവൽ  നിരക്കു വര്‍ധനക്കെതിരെ  നാട്ടുകാരുടെ പ്രതിഷേധം 

> **Lead Summary:** **മാനന്തവാടി**: മുന്‍കാലങ്ങളെ അപേക്ഷിച്ച് തുടക്കം മുതലേ മികച്ച ജനപങ്കാളിത്തവുമായി മാനന്തവാടി വള്ളിയൂര്‍ക്കാവ് മഹോത്സവം പുരോഗമിക്കവെ കാര്‍ണിവലില്‍ ഏര്‍പ്പെടുത്തിയ നിരക്കു വര്‍ധനക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നു.

## Article Content

**മാനന്തവാടി**: മുന്‍കാലങ്ങളെ അപേക്ഷിച്ച് തുടക്കം മുതലേ മികച്ച ജനപങ്കാളിത്തവുമായി മാനന്തവാടി വള്ളിയൂര്‍ക്കാവ് മഹോത്സവം പുരോഗമിക്കവെ കാര്‍ണിവലില്‍ ഏര്‍പ്പെടുത്തിയ നിരക്കു വര്‍ധനക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നു.

കഴിഞ്ഞ ഉത്സവത്തിന് വിവിധ റൈഡ്കളിൽ കയറാന്‍ 50 രൂപയും 60 രൂപയും ടിക്കറ്റ് ഉണ്ടായിരുന്നത് ഇത്തവണ 80 രൂപയും 100 രൂപയുമാക്കി ഉയര്‍ത്തിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.

ഒന്നേകാല്‍ കോടി രൂപയോളം റെക്കോര്‍ഡ് തുക  മുടക്കിയാണ് ഇത്തവണ പാലക്കാട് സ്വദേശി ഉത്സവ ചന്ത ലേലത്തില്‍ പിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് കൂടാതെ പണം തിരികെ പിടിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നുള്ളത് വസ്തുതയാണ്.

പക്ഷേ തികച്ചും സാധാരണക്കാരുടെ പ്രത്യേകിച്ച് ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഉത്സവമായി കണക്കാക്കുന്ന വള്ളിയൂര്‍ക്കാവ് മഹോത്സവത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന യഥാര്‍ത്ഥത്തില്‍ സാധാരണക്കാരെയാണ് നേരിട്ട് ബാധിക്കുന്നത്.

പലരും സകുടുംബം വന്നിട്ട് ടിക്കറ്റ് വര്‍ധന മൂലം വിനോദോപാധികളില്‍ കയറാതെ നോക്കി നില്‍ക്കുന്ന അവസ്ഥയും കാണുന്നുണ്ട്. പ്രതികരണശേഷി ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും പ്രതിഷേധമുയര്‍ത്താതെ ഒതുങ്ങുന്നതായി സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നുണ്ട്.

ഒരു കോടി രൂപയ്ക്ക് മുകളില്‍ ചന്ത സ്ഥലം ലേലം പോയി എന്ന് ആഹ്ലാദിക്കുമ്പോള്‍ പാവപ്പെട്ടവന്റെയും പോക്കറ്റില്‍ നിന്നാണ് ഈ പണം പോകുന്നത് എന്ന് ചിന്തിക്കാനുള്ള കഴിവ് ആര്‍ക്കുമില്ലെന്നും ഒരു കോടി രൂപയ്ക്ക് മുകളില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയതുകൊണ്ട് ഒരു സാധാരണക്കാരന്‍ എന്ത് നേട്ടമാണ് ഉണ്ടായതെന്നും ചോദ്യമുയരുന്നു. ഏറെയാളുകള്‍ സന്ദര്‍ശിക്കുന്ന മരണക്കിണറിന് 50 രൂപയില്‍ നിന്നും 100 രൂപയായി ഉയര്‍ത്തിയത്  ദയനീയമായ അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104081/carnival)