---
title: "വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിമാനമായി അനു ദേവ് "
english_title: "Anu dev"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104129/anu-dev"
published_at: "2023-03-20T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418333941619_Screenshot_2023-03-20-15-49-22-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിമാനമായി അനു ദേവ് 

> **Lead Summary:**  മനസിലും, ക്യാൻവാസിലും സർഗാത്മഗതയുടെ വിവിധ വർണങ്ങൾ ചാലിച്ച് വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിമാനമായി മാറുകയാണ് എടാട്ട് സ്വദേശിയായ അനു ദേവ് എന്ന കൊച്ചു കലാകാരൻ.

## Article Content

 മനസിലും, ക്യാൻവാസിലും സർഗാത്മഗതയുടെ വിവിധ വർണങ്ങൾ ചാലിച്ച് വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിമാനമായി മാറുകയാണ് എടാട്ട് സ്വദേശിയായ അനു ദേവ് എന്ന കൊച്ചു കലാകാരൻ.

തായിനേരി എസ് എ ബി ടി എം സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കുഞ്ഞു ചിത്രകാരൻ തന്റെ 4 വയസ് മുതൽ ഈ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. അനുദേവിന് ചിത്രകല എന്നത് കേവലം നേരമ്പോക്ക് മാത്രമല്ല. പഠനത്തോളം പരിഗണന നൽകുന്ന മറ്റൊരു കർമ്മ മേഖലയാണ്.

സ്കൂളിൽ ഒഴിവു സമയങ്ങളിൽ തന്റെ കൂട്ടുകാർ മറ്റു വിനോദങ്ങളിലേർപ്പെടുമ്പോൾ സന്തത സഹചാരികളായ പെൻസിലും, ക്യാൻവാസുമെടുത്ത് അനുദേവ് ഭാവനയുടെ ലോകത്തേക്ക് സഞ്ചരിക്കും.

പിന്നെ കടലാസുകളിൽ മനോഹരങ്ങളായ ചിത്രങ്ങൾ തെളിഞ്ഞു വരും. വീട്ടിലെത്തിയാലും പഠന സമയം കഴിഞ്ഞാൽ ഇതേ പ്രവൃത്തി തന്നെയാണ്.അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കുന്നത്.

ക്യാൻവാസുകൾക്ക് പുറമെ വീട്ടിലെ ചുവരുകളും അനുദേവിന്റെ മാന്ത്രിക വിരലുകൾക്ക് വേദിയായിട്ടുണ്ട്.  അമ്മയായ രേഷ്മയാണ് പെയിന്റിങ്ങിലെ ഗുരു. അനു ദേവ് അമ്മ വരയ്ക്കുന്നത് കണ്ട് അത് പോലെ ചിത്രം ക്യാൻവാസിൽ പകർത്താൻ ശ്രമിച്ചതാണ് തുടക്കം.

ചിത്രകലയിൽ കുട്ടിക്കുള്ള കഴിവും, താത്പര്യവും മനസിലാക്കിയ അമ്മയും, പിതാവായ പവിത്രനും അതിനു വേണ്ട പ്രോത്സാഹനവും പിൻതുണയും നൽകി. ഇന്ന് നിരവധി ചിത്രങ്ങളാൽ സമ്പന്നമാണ് അനുദേവിന്റെ പെയിന്റിങ് ശേഖരം.

വിവിധ തെയ്യങ്ങൾ, പ്രകൃതി ഭംഗി, ഫുഡ് ബാൾ താരങ്ങൾ എന്നിവയാണിതിൽ കൂടുതലായും ഇടം പിടിച്ചിട്ടുള്ളത്. പ്രശസ്ത മൗത്ത് പെയിന്റർ ഗണേഷ് കുമാർ, ചിത്രകാരന്മാരായ ദാമോദരൻ വെള്ളോറ,രോഷ്നി കുഞ്ഞിമംഗലം തുടങ്ങിയവർ ഈ ചിത്ര ശേഖരം കണ്ട് അനുദേവിനെ അഭിനന്ദിച്ചിരുന്നു.

അനുജനായ സൂര്യ ദേവിനോടൊപ്പം ചിത്രകലാ ലോകത്ത് മുഴുകിയിരിക്കുന്ന കുഞ്ഞു കലാകാരന് സ്വന്തമായി ഒരു ആർട്ട് ഗ്യാലറി എന്നതാണ് സ്വപ്നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104129/anu-dev)