---
title: "മുദ്രവെച്ച കവറിൽ രേഖ ഹാജരാക്കുന്നത് നിർത്തണം : സുപ്രീംകോടതി"
english_title: "Supremcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104205/supremcourt"
published_at: "2023-03-21T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64190423acc53_IMG-20230321-WA0001.jpg"
keywords: []
---

# മുദ്രവെച്ച കവറിൽ രേഖ ഹാജരാക്കുന്നത് നിർത്തണം : സുപ്രീംകോടതി

> **Lead Summary:**  **ന്യൂഡൽഹി: **കോടതികൾക്ക് രേഖകൾ മുദ്രവെച്ച കവറിൽ കൈമാറുന്നത് ജുഡീഷ്യൽ നടപടികളുടെ മൗലിക തത്ത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുദ്രവെച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കണം. വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്ക് വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതിപ്രകാരം പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ നിർദേശം. കേന്ദ്രത്തിന്റെ വിശദീകരണം അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. കവർ സ്വീകരിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് രേഖകൾ എതിർകക്ഷികളായ വിമുക്തഭടന്മാരുടെ അഭിഭാഷകൻ ഹുസേഫാ അഹമ്മദിക്കുകൂടി കൈമാറാൻ നിർദേശിച്ചു.

## Article Content

 **ന്യൂഡൽഹി: **കോടതികൾക്ക് രേഖകൾ മുദ്രവെച്ച കവറിൽ കൈമാറുന്നത് ജുഡീഷ്യൽ നടപടികളുടെ മൗലിക തത്ത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുദ്രവെച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കണം. വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്ക് വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതിപ്രകാരം പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ നിർദേശം. കേന്ദ്രത്തിന്റെ വിശദീകരണം അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. കവർ സ്വീകരിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് രേഖകൾ എതിർകക്ഷികളായ വിമുക്തഭടന്മാരുടെ അഭിഭാഷകൻ ഹുസേഫാ അഹമ്മദിക്കുകൂടി കൈമാറാൻ നിർദേശിച്ചു.

എന്നാൽ, രഹസ്യസ്വഭാവമുള്ളവയാണ് രേഖകളെന്ന് അറ്റോർണി ജനറൽ അറിയിച്ചു. കോടതിക്കാര്യത്തിൽ എന്ത് രഹസ്യസ്വഭാവമെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് കവറിൽ രേഖകൾ ഹാജരാക്കുന്നതിൽ വ്യക്തിപരമായി താൻ എതിരാണെന്നു പറഞ്ഞു. കോടതിയിൽ രഹസ്യംപാടില്ല. നടപടികൾ സുതാര്യമായിരിക്കണം. വിവരങ്ങളുടെ ഉറവിടത്തെ ബാധിക്കുന്നതോ ആരുടെയെങ്കിലും ജീവിതത്തെ ബാധിക്കുന്നതോ ആയ വിഷയങ്ങളിലാണ് രഹസ്യാത്മകത വേണ്ടത്. പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്താണ് രഹസ്യമെന്ന് കോടതി ആരാഞ്ഞു. സുപ്രീംകോടതി മുദ്രവെച്ച കവറിലെ രേഖകൾ സ്വീകരിക്കുകയാണെങ്കിൽ ഹൈക്കോടതികളും അവ സ്വീകരിക്കാൻ ബാധ്യസ്ഥരാകും. നീതിന്യായ പ്രക്രിയയുടെ അടിസ്ഥാനത്തിന് വിരുദ്ധമാണിത്. അതിനാൽ മുദ്രവെച്ച കവറുകളിലെ രേഖകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതോടെ കവറിലെ ഉള്ളടക്കം ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ചിനു മുമ്പാകെ അറ്റോർണി ജനറൽ വായിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104205/supremcourt)