---
title: "അരിക്കൊമ്പനെ പിടികൂടാൻ മുത്തങ്ങ ആനപ്പന്തിയിൽനിന്നുള്ള കുങ്കിയാന വിക്രം ചിന്നക്കനാലിലെത്തി"
english_title: "Muthanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104206/muthanga"
published_at: "2023-03-21T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419073a59d97_IMG-20230321-WA0002.jpg"
keywords: []
---

# അരിക്കൊമ്പനെ പിടികൂടാൻ മുത്തങ്ങ ആനപ്പന്തിയിൽനിന്നുള്ള കുങ്കിയാന വിക്രം ചിന്നക്കനാലിലെത്തി

> **Lead Summary:** **ചിന്നക്കനാൽ**: അരിക്കൊമ്പനെ പിടികൂടാൻ മുത്തങ്ങ ആനപ്പന്തിയിൽനിന്നുള്ള കുങ്കിയാന വിക്രം ചിന്നക്കനാലിലെത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ആനയെ ചിന്നക്കനാലിനുസമീപം സിമന്റുപാലത്ത് എത്തിച്ചത്. വയനാട്ടിൽനിന്ന് 14 മണിക്കൂർ ലോറിയിൽ യാത്രചെയ്താണ് വിക്രം എത്തിയത്. സിമന്റുപാലത്ത് തയ്യാറാക്കിയ താത്കാലികസംവിധാനത്തിലാണ് കുങ്കിയാനകൾ വിശ്രമിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ കുഞ്ചു എന്ന താപ്പാനയെ ചിന്നക്കനാലിലെത്തിക്കുമെന്ന് എലിഫന്റ് സ്ക്വാഡ് റേ‍ഞ്ച് ഓഫീസർ എൻ.രൂപേഷ് പറഞ്ഞു. രണ്ടുലോറിയിലായി അവശേഷിക്കുന്ന രണ്ട്‌ കുങ്കിയാനയെക്കൂടി 23-നുമുമ്പ് ചിന്നക്കനാലിലെത്തിക്കാനാണ് നീക്കം.

## Article Content

**ചിന്നക്കനാൽ**: അരിക്കൊമ്പനെ പിടികൂടാൻ മുത്തങ്ങ ആനപ്പന്തിയിൽനിന്നുള്ള കുങ്കിയാന വിക്രം ചിന്നക്കനാലിലെത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ആനയെ ചിന്നക്കനാലിനുസമീപം സിമന്റുപാലത്ത് എത്തിച്ചത്. വയനാട്ടിൽനിന്ന് 14 മണിക്കൂർ ലോറിയിൽ യാത്രചെയ്താണ് വിക്രം എത്തിയത്. സിമന്റുപാലത്ത് തയ്യാറാക്കിയ താത്കാലികസംവിധാനത്തിലാണ് കുങ്കിയാനകൾ വിശ്രമിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ കുഞ്ചു എന്ന താപ്പാനയെ ചിന്നക്കനാലിലെത്തിക്കുമെന്ന് എലിഫന്റ് സ്ക്വാഡ് റേ‍ഞ്ച് ഓഫീസർ എൻ.രൂപേഷ് പറഞ്ഞു. രണ്ടുലോറിയിലായി അവശേഷിക്കുന്ന രണ്ട്‌ കുങ്കിയാനയെക്കൂടി 23-നുമുമ്പ് ചിന്നക്കനാലിലെത്തിക്കാനാണ് നീക്കം.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ മൂന്നാറിൽ യോഗം ചേരുന്നുണ്ട്. ഹൈറേഞ്ച് സർക്കിൾ, സി.സി.എഫ്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എന്നിവർ പങ്കെടുക്കും. യോഗത്തിൽ, അരിക്കൊമ്പനെ പിടികൂടാനുള്ള പദ്ധതി രൂപവത്കരിക്കും. ചിന്നക്കനാൽ സിമൻറുപാലത്തിന്‌ സമീപമുള്ള അരിക്കൊമ്പൻ മുമ്പ്‌ തകർത്ത വീട്ടിൽ ഡമ്മി റേഷൻകട ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഈ വീടിനുസമീപത്തേക്ക് അരിക്കൊമ്പനെ ആകർഷിച്ചുവരുത്തി മയക്കുവെടി വെക്കാനാണ് പദ്ധതി. വിക്രത്തിനൊപ്പം കുഞ്ചു, സൂര്യ, കോന്നി സുരേന്ദ്രൻ എന്നീ താപ്പാനകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. കുങ്കിയാനകളെല്ലാം ചിന്നക്കനാലിലെത്തുന്നതോടെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രയൽറൺ നടത്താനും പദ്ധതിയുണ്ട്. അരിക്കൊമ്പനെ സിമന്റുപാലത്ത് എത്തിക്കാനായാൽ ശനിയാഴ്ച മയക്കുവെടി വെച്ചേക്കും. ഇതിനായി ഡമ്മി റേഷൻകടയിൽ ഭക്ഷണം പാകംചെയ്യുന്നത് അടുത്തദിവസം തുടങ്ങും. പഴകിയ കഞ്ഞിവെള്ളത്തിന്റെ ഗന്ധം ആനയെ ആകർഷിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിന്നക്കനാലിലെയും മൂന്നാറിലെയും ആർ.അർ.ടി. സംഘങ്ങൾ അരിക്കൊമ്പനെ നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആനയിറങ്കൽ ഡാമിനുസമീപം ശങ്കരപാണ്ഡ്യൻ മെട്ടിലാണ് ആനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദൗത്യസംഘത്തിലെ 26 വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 30 പേർ 23-ഓടെ ചിന്നക്കനാലിലെത്തും. ഇക്കൂട്ടത്തിൽ ഡോ.അരുൺ സക്കറിയയും ഉണ്ടാകുമെന്ന് അറിയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104206/muthanga)