---
title: "കേരള പ്രീമിയർ ലീഗ്: ഇരട്ടിനേട്ടവുമായി 'പറക്കും ഡിങ്കൻ' "
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104219/payyannur"
published_at: "2023-03-21T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641925b7a90dd_IMG-20230321-WA0005.jpg"
keywords: []
---

# കേരള പ്രീമിയർ ലീഗ്: ഇരട്ടിനേട്ടവുമായി 'പറക്കും ഡിങ്കൻ' 

> **Lead Summary:** **പയ്യന്നൂർ : **പിറന്നാൾദിനം കിരീടനേട്ടത്തോടെ ആഘോഷിക്കുകയാണ് കേരള യുണൈറ്റഡ് ക്ലബിന്റെ കാവൽക്കാരനായ പയ്യന്നൂർ കാറമേലിലെ വി.വി.പ്രതീഷ് എന്ന പറക്കും ഡിങ്കൻ. കേരള പ്രീമിയർ ലീഗിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് പ്രതീഷ് തിങ്കളാഴ്ച ജന്മദിനം ആഘോഷിച്ചത്.

## Article Content

**പയ്യന്നൂർ : **പിറന്നാൾദിനം കിരീടനേട്ടത്തോടെ ആഘോഷിക്കുകയാണ് കേരള യുണൈറ്റഡ് ക്ലബിന്റെ കാവൽക്കാരനായ പയ്യന്നൂർ കാറമേലിലെ വി.വി.പ്രതീഷ് എന്ന പറക്കും ഡിങ്കൻ. കേരള പ്രീമിയർ ലീഗിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് പ്രതീഷ് തിങ്കളാഴ്ച ജന്മദിനം ആഘോഷിച്ചത്.

ഗോൾവലയ്ക്ക് കീഴിലെ ഈ പറക്കും താരത്തിന്റെ പ്രകടനമാണ് കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡ് ക്ലബിനെ കിരീടത്തിലേയ്ക്ക് നയിച്ചത്. ഒൻപത്‌ മത്സരങ്ങളിൽ ടീമിന്റെ ഗോൾമുഖം കാത്ത പ്രതീഷ് അതിൽ അഞ്ച് ക്ലീൻ ഷീറ്റുകളുമായാണ് തിരികെ കയറിയത്. ഇതാണ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി പ്രതീഷിനെ മാറ്റിയത്. പയ്യന്നൂരിന്റെ മണ്ണിൽ കാൽപ്പന്ത്‌ തട്ടി വളർന്ന വി.വി.പ്രതീഷിന്റെ ഗോൾമുഖത്തെ പറക്കും പ്രകടനമാണ് ഡിങ്കനെന്ന വിളിപ്പേര് വീഴാൻ കാരണം. ഇതേ മികച്ച പ്രകടനമാണ് കേരള പ്രീമിയർ ലീഗിലും പ്രതീഷ് ആവർത്തിച്ചത്. നഗരസഭ കൊച്ചുകുട്ടികൾക്ക്‌ നടത്തിയ ഫുട്‌ബോൾ പരിശീലന കളരിയിൽ പങ്കെടുക്കവേ ഫുട്‌ബോൾ കോച്ച് ഉദിനൂരിലെ കെ.വി.ഗോപാലനാണ് പ്രതീഷിലെ പ്രതിഭയെ കണ്ടെത്തിയത്. എവർമെറി വെള്ളൂരിലൂടെയാണ് പിന്നീട് ടൂർണമെന്റുകളുടെ ഭാഗമാകുന്നത്. സംസ്ഥാന ജൂനിയർ ടീം, കൊച്ചി ജോസ്കോ എഫ്.സി, എഫ്.സി. ഗോവ, ചർച്ചിൽ ബ്രദേഴ്‌സ് ഗോവ തുടങ്ങിയ ടീമുകളുടെ ഗോൾവല കാത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104219/payyannur)