---
title: "കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: ഡോ. വി ശിവദാസൻ എംപി"
english_title: "Dr.  V Sivadasan MP "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10437/dr-v-sivadasan-mp"
published_at: "2021-11-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f6d4d3eed2_FB_IMG_1636789155859.jpg"
keywords: []
---

# കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: ഡോ. വി ശിവദാസൻ എംപി

> **Lead Summary:**  കണ്ണൂർ : കേരളവുമായി ലക്ഷദ്വീപിനുള്ള ബന്ധം വിച്ഛേദിക്കാൻ നിരന്തരമായ ശ്രമങ്ങളാണ് ലക്ഷദ്വീപിലെ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ശിവദാസൻ പറഞ്ഞു . അതിന്റെ തുടർച്ചയായാണ് ലക്ഷദ്വീപിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എല്ലാ കോഴ്സുകളും നിർത്തിവെക്കാനും ആ കോഴ്സുകൾ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കൈമാറാനും തീരുമാനിച്ചിരിക്കുന്നത്.

## Article Content

 കണ്ണൂർ : കേരളവുമായി ലക്ഷദ്വീപിനുള്ള ബന്ധം വിച്ഛേദിക്കാൻ നിരന്തരമായ ശ്രമങ്ങളാണ് ലക്ഷദ്വീപിലെ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ശിവദാസൻ പറഞ്ഞു . അതിന്റെ തുടർച്ചയായാണ് ലക്ഷദ്വീപിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എല്ലാ കോഴ്സുകളും നിർത്തിവെക്കാനും ആ കോഴ്സുകൾ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കൈമാറാനും തീരുമാനിച്ചിരിക്കുന്നത്.

നൂറു കണക്കിന് വരുന്ന വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കി കൊണ്ട്, ജനതയെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിഭാഗീയമായ രാഷ്ട്രീയ തീരുമാനമാണിത്.

നിർണായകമായ ഈ തീരുമാനം തികച്ചും ഏകപക്ഷീയമായി യാതൊരു ചർച്ചയുമില്ലാതെ ആണ് കൈക്കൊണ്ടിട്ടുള്ളത്.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ ക്കുറിച്ച് എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉന്നയിക്കാതെ, ഒരു കാരണവും കാണിക്കാതെയുള്ള ഈ വിച്ഛേദനം, കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധം അറുത്ത് മാറ്റാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് എന്നത് സുവ്യക്തമാണ്. ദ്വീപുകളിലെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെന്ററുകളിൽ നിലവിൽ യുജി, പിജി പ്രോഗ്രാമുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്പോലും 2021 അധ്യയന വർഷ ത്തിൽ തന്നെ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്ക് മാറേണ്ട അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് കേരളത്തിലെയും ലക്ഷദ്വീപിലെയും ജനതയുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന അധികാര ദുർവിനിയോഗം കൂടിയാണ്.

കൊളോണിയൽ ഭരണത്തെ മാതൃകയാക്കി, ജനതയെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടം പ്രയോഗിക്കുന്ന ഈ വിഭജനത്തിന്റെ രാഷ്ട്രീയം അതിശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും ശിവദാസൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10437/dr-v-sivadasan-mp)