---
title: "ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ  യുവതിക്ക് സുഖപ്രസവം. "
english_title: "The woman gave birth safely inside the Kaniv 108 ambulance on the way to the hospital."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105014/the-woman-gave-birth-safely-inside-the-kaniv-108-ambulance-on-the-way-to-the-hospital"
published_at: "2023-03-24T21:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dc3672102a_dzfgfgh.jpg"
keywords: []
---

# ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ  യുവതിക്ക് സുഖപ്രസവം. 

> **Lead Summary:** **കൽപ്പറ്റ: ** ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

## Article Content

**കൽപ്പറ്റ: ** ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് തുടർന്ന് ബന്ധുക്കൾ ആശാ പ്രവർത്തകയെ വിവരം അറിയിക്കുകയും തുടർന്ന് ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് അസീസ് ടി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിയോ വർഗീസ് എന്നിവർ ഉടൻ കോളനിയിലെത്തി യുവതിയുമായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. മെഡിക്കൽ കോളേജിന് സമീപം വെച്ച് യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് ആംബുലൻസിനുള്ളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിയോ വർഗീസിൻ്റെ പരിചരണത്തിൽ 4.10നു കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ജിയോ വർഗീസ് ഉടൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105014/the-woman-gave-birth-safely-inside-the-kaniv-108-ambulance-on-the-way-to-the-hospital)