---
title: "'ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാകുമെന്ന വ്യവസ്ഥ ഒഴിവാക്കണം'; സുപ്രീം കോടതിയില്‍ ഹര്‍ജി"
english_title: "Supremecourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105076/supremecourt"
published_at: "2023-03-25T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e8773b5b9a_images_-_2023-03-25T110039.401.jpeg"
keywords: []
---

# 'ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാകുമെന്ന വ്യവസ്ഥ ഒഴിവാക്കണം'; സുപ്രീം കോടതിയില്‍ ഹര്‍ജി

> **Lead Summary:** **ന്യൂഡൽഹി**:ക്രിമിനൽ കേസിൽ രണ്ടുവർഷം തടവുശിക്ഷ ലഭിച്ചാൽ ഉടൻ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

## Article Content

**ന്യൂഡൽഹി**:ക്രിമിനൽ കേസിൽ രണ്ടുവർഷം തടവുശിക്ഷ ലഭിച്ചാൽ ഉടൻ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

ഗവേഷണ വിദ്യാർഥിയും സാമൂഹിക പ്രവർത്തകയുമായ ആഭാ മുരളീധരൻ ആണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ക്രിമിനൽ കേസുകളിൽ തടവോ രണ്ടോ അതിലധികമോ വർഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചിരുന്നത്. ഈ വിധിയുടെ പുനഃപരിശോധനയാണ് തന്റെ ഹർജിയിലൂടെ ആഭാ മുരളീധരൻ ലക്ഷ്യമിടുന്നത്. മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുൻപ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാനനഷ്ടക്കേസ് പോലുള്ളവയിൽ രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചാലും അയോഗ്യരാക്കുമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി വിധിക്കണെമെന്നാണ് ഹർജിയിലെ മറ്റൊരാവശ്യം. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ആഭാ മുരളീധരന്റെ അഭിഭാഷകർ അടുത്തയാഴ്ച സുപ്രീംകോടതിയിൽ ഉന്നയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105076/supremecourt)