---
title: "വേനല്‍ച്ചൂടിനെ നേരിടാന്‍ തിരുവനന്തപുരം മൃഗശാല - പക്ഷിമൃഗാദികള്‍ക്ക് പുതിയ ക്രമീകരണങ്ങൾ ഒരുക്കി"
english_title: "Thiruvananthapuram zoo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105522/thiruvananthapuram-zoo"
published_at: "2023-03-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421406b09a74_images_(1).jpeg"
keywords: []
---

# വേനല്‍ച്ചൂടിനെ നേരിടാന്‍ തിരുവനന്തപുരം മൃഗശാല - പക്ഷിമൃഗാദികള്‍ക്ക് പുതിയ ക്രമീകരണങ്ങൾ ഒരുക്കി

> **Lead Summary:** വേനല്‍ച്ചൂടിനെ നേരിടാന്‍ പക്ഷിമൃഗാദികള്‍ക്ക് പുതിയ ക്രമീകരണവുമായി തിരുവനന്തപുരം മൃഗശാല. അനാക്കോണ്ടയുടെ മുറിയില്‍ എയര്‍ കണ്ടീഷന്‍ സ്ഥാപിച്ചു.

## Article Content

വേനല്‍ച്ചൂടിനെ നേരിടാന്‍ പക്ഷിമൃഗാദികള്‍ക്ക് പുതിയ ക്രമീകരണവുമായി തിരുവനന്തപുരം മൃഗശാല. അനാക്കോണ്ടയുടെ മുറിയില്‍ എയര്‍ കണ്ടീഷന്‍ സ്ഥാപിച്ചു.

അതിനൊപ്പം കടുവകള്‍ക്ക് കുളിക്കാനായി ഷവറും ഘടിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം മൃഗങ്ങളുടെ ഭക്ഷണ മെനുവില്‍ കൂടുതല്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയതായും മൃഗശാല അധികൃതര്‍ അറിയിച്ചു.

മൃഗങ്ങളുടെ ഭക്ഷണമെനുവില്‍നിന്ന് ചിക്കന്‍ ഒഴിവാക്കി പകരം പോത്തിറച്ചി, മാട്ടിറച്ചി എന്നിവ കൂടുതലായി ഉള്‍പ്പെടുത്തി. മൃഗശാലയിലെ നോണ്‍ വെജ് ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് ഒരു ദിവസം 94 കിലോ മാംസമാണ് വാങ്ങുന്നത്. മല്‍സ്യത്തിന്‍റെ അളവ് 61 കിലോയായി വര്‍ദ്ദിപ്പിച്ചിട്ടുണ്ട്.

സിംഹം, കടുവ, പുലി എന്നിവയ്‌ക്കാണ് കൂടുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ വേണ്ടിവരുന്നത്. ഇവയ്ക്കായി ദിവസം ശരാശരി നാല് കിലോ മാംസമാണ് വേണ്ടത്. ഈ മൃഗങ്ങളുടെ കൂട്ടില്‍ ഷവര്‍ ഘടിപ്പിച്ചിട്ടുണ്ട്. തണുപ്പുള്ള വെളത്തില്‍ അര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കുളിക്കുശേഷമാണ് ഭക്ഷണം നല്‍കുന്നത്.

പകല്‍ താപനില കൂടുന്നതിനനുസരിച്ച്‌ ശരീരോഷ്‌മാവ് നിലനിറുത്താന്‍ കടുവകള്‍ക്ക് ഇടനേരങ്ങളില്‍ ഹോസ് ഉപയോഗിച്ച്‌ വെളളമടിച്ച്‌ കൊടുക്കും. ഇതിന് പുറമെയാണ് പുതിയതായി ഷവറും കടുവയുടെ കൂടുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. സാധാരണ കടുവയ്‌ക്ക് ഒരു നേരം മാത്രമാണ് കുളി.

പരിധിയില്‍ കവിഞ്ഞ ഉഷ്ണം താങ്ങാനാകാത്ത കരടികള്‍ക്കായി പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും കഴിക്കാന്‍ ഐസ് കഷ്‌ണങ്ങള്‍ കൂട്ടില്‍ വച്ച്‌ കൊടുക്കും. തണ്ണീര്‍മത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച്‌ ഫ്രീസറില്‍ വച്ച്‌ കട്ടിയാക്കിയാണ് നല്‍കുന്നത്. രാവിലെയും ഉച്ചയ്ക്കുശേഷവും കരിടകള്‍ക്ക് ദേഹത്തേക്ക് വെള്ളമടിച്ചു നല്‍കും. കൂടാതെ ആപ്പിള്‍, മുന്തിരി, വാഴപ്പഴം, വെള്ളരി എന്നിവയും നല്‍കും. ഫ്രീസറില്‍വെച്ച്‌ തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടികളുടെ രാവിലത്തെ ഭക്ഷണം. ഇവയ്ക്കായി ഒരു ദിവസം ഏഴ് കിലോയോളം തണ്ണിമത്തനാണ് വേണ്ടിവരുന്നത്.

മൃഗങ്ങള്‍ക്ക് പുറമെപക്ഷികളുടെ മെനുവിലും മാറ്റങ്ങളുണ്ട്. പഴങ്ങള്‍ക്കൊപ്പം കൂടുതല്‍ പച്ചക്കറികളും പക്ഷികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കാബേജ്, കാരറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ടാകും. പപ്പായ, മുന്തിരി,ആപ്പിള്‍,ഓറഞ്ച് എന്നിവയെല്ലാം ചേര്‍ന്ന ‘ഫ്രൂട്ട് സലാഡും’ പക്ഷികള്‍ക്ക് ദുവസേന നല്‍കി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105522/thiruvananthapuram-zoo)