---
title: "ഇന്ന് ശിശുദിനം"
english_title: "Children's day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10562/childrens-day"
published_at: "2021-11-14T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61906b5c83564_images - 2021-11-14T072008.105.jpeg"
keywords: []
---

# ഇന്ന് ശിശുദിനം

> **Lead Summary:** കണ്ണൂർ : ഇന്ന് ശിശുദിനം. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് നെഹ്രു വിശ്വസിച്ചിരുന്നു.

## Article Content

കണ്ണൂർ : ഇന്ന് ശിശുദിനം. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് നെഹ്രു വിശ്വസിച്ചിരുന്നു.

'ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,' എന്നാണ് ഒരിക്കൽ നെഹ്റു പറഞ്ഞത്. അതുകൊണ്ടുതന്നെ കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ഈ ദിനം സംഘടിപ്പിക്കുന്നു.

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി.

ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന ഒരു പരിപാടിക്കും തുടക്കമിട്ടു. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും

സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.

അന്തർദേശിയ തലത്തിൽ നവംബർ 20 നാണ് ശിശുദിനം. ഏകദേശം 117 രാജ്യങ്ങൾ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നുണ്ട്. ശിശു ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും മത്സരങ്ങളും നടത്താറുണ്ട്. കുഞ്ഞ് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക എന്നതാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവർക്കായുള്ള മത്സരങ്ങളാണ് നടത്തുക. വിദ്യഭ്യാസ സ്ഥാപനങ്ങൾ വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചുള്ള അറിവ് പങ്ക് വെക്കൽ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികൾ സമയം ചെലവഴിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10562/childrens-day)