---
title: "കര്‍ണാടക തിരഞ്ഞെടുപ്പ് മേയ് പത്തിന്, വോട്ടെണ്ണല്‍ 13ന് - വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല"
english_title: "Karnataka election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105915/karnataka-election"
published_at: "2023-03-29T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423f336b7b91_images_(26).jpeg"
keywords: []
---

# കര്‍ണാടക തിരഞ്ഞെടുപ്പ് മേയ് പത്തിന്, വോട്ടെണ്ണല്‍ 13ന് - വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

> **Lead Summary:** കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. മേയ് 13ന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അപകീര്‍ത്തിക്കേസില്‍ വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധി അയോഗ്യനായെങ്കിലും തിടുക്കത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് മുഖ്യ ഇലക്ഷന്‍ കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയത്.

വയനാട് ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് കമ്മിഷന്‍ പറഞ്ഞു. വിചാരണ കോടതി രാഹുല്‍ ഗാന്ധിയ്ക്ക് അപ്പീലിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ തീരുമാനം അതിനുശേഷമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മിഷന്‍ പരിഗണിച്ചത്.

കര്‍ണാടകയില്‍ 224 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 36 സീറ്റുകള്‍ എസ് സി വിഭാഗത്തിനും 15 സീറ്റുകള്‍ എസ് ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കര്‍ണാടകയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105915/karnataka-election)