---
title: "അഴീക്കൽ തുറമുഖത്ത് രാത്രിയുണ്ടായ കാറ്റിലും മഴയിലും അഞ്ചു ബോട്ടുകൾ ഒഴുകിപ്പോയി."
english_title: "Five boats were washed away in the night wind and rain at Azheekal port."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1061/five-boats-were-washed-away-in-the-night-wind-and-rain-at-azheekal-port"
published_at: "2021-10-04T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615aa3288866f_PicsArt_10-04-12.13.27.jpg"
keywords: []
---

# അഴീക്കൽ തുറമുഖത്ത് രാത്രിയുണ്ടായ കാറ്റിലും മഴയിലും അഞ്ചു ബോട്ടുകൾ ഒഴുകിപ്പോയി.

> **Lead Summary:** **അഴീക്കൽ**: അഴീക്കൽ തുറമുഖത്ത് രാത്രിയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും അഞ്ചു ബോട്ടുകൾ ഒഴുകിപ്പോയി. ഒന്ന് അധികം നീങ്ങുംമുമ്പ് തൊഴിലാളികൾ കണ്ട് വീണ്ടും കരയ്ക്ക് വലിച്ചടുപ്പിച്ചെങ്കിലും രണ്ടെണ്ണം കടലിൽ തകർന്നു. അഴിമുഖത്ത് തട്ടിനിന്ന മറ്റ് രണ്ടെണ്ണത്തിൽ ഒന്നിന്‌ കാര്യമായ തകരാറുണ്ടാകും മുൻപ്‌ മത്സ്യത്തൊഴിലാളികൾ ജെട്ടിയിലേക്ക് വലിച്ചുകൊണ്ടുവന്നു. രണ്ടാമത്തേതിനെയും വലിച്ചെത്തിച്ചെങ്കിലും അടിയിലെ പലക പൂർണമായും തകർന്നതിനാൽ വെള്ളംകയറി മുങ്ങിപ്പോകുന്ന സ്ഥിതിയാണ്.

## Article Content

**അഴീക്കൽ**: അഴീക്കൽ തുറമുഖത്ത് രാത്രിയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും അഞ്ചു ബോട്ടുകൾ ഒഴുകിപ്പോയി. ഒന്ന് അധികം നീങ്ങുംമുമ്പ് തൊഴിലാളികൾ കണ്ട് വീണ്ടും കരയ്ക്ക് വലിച്ചടുപ്പിച്ചെങ്കിലും രണ്ടെണ്ണം കടലിൽ തകർന്നു. അഴിമുഖത്ത് തട്ടിനിന്ന മറ്റ് രണ്ടെണ്ണത്തിൽ ഒന്നിന്‌ കാര്യമായ തകരാറുണ്ടാകും മുൻപ്‌ മത്സ്യത്തൊഴിലാളികൾ ജെട്ടിയിലേക്ക് വലിച്ചുകൊണ്ടുവന്നു. രണ്ടാമത്തേതിനെയും വലിച്ചെത്തിച്ചെങ്കിലും അടിയിലെ പലക പൂർണമായും തകർന്നതിനാൽ വെള്ളംകയറി മുങ്ങിപ്പോകുന്ന സ്ഥിതിയാണ്.

 രണ്ട് ക്രെയിനുകളുടെയും മൂന്ന്‌ പമ്പുസെറ്റുകളുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ ശ്രമിച്ചിട്ടും ചോർച്ചയടയ്ക്കാൻ കഴിഞ്ഞില്ല. 

ഇന്ന് രാവിലെ കൂടുതൽ ക്രെയിനുകളെത്തി ഇതിനെ ഉയർത്തി നീക്കാൻ ശ്രമം തുടങ്ങി.

തകർന്ന ബോട്ടുകൾക്ക് 25 ലക്ഷം രൂപവീതം വിലവരും. കണ്ണൂർ സിറ്റിയിലെ റസാഖ് 38 ലക്ഷം രൂപയ്ക്ക് നന്നാക്കിയെടുത്ത ‘ഫാത്തിമ’, ‘റഫാദ്’, ‘റസീൽ’ എന്നിവയും അഴീക്കലിലെ ലതീഷ്, ഏച്ചൂരിലെ സന്തോഷ് എന്നിവരുടെ ‘ചന്ദനശ്രീ’, തമിഴ്‌നാട് സ്വദേശിയുടെ സ്റ്റാർ ഓഫ് ഗോഡ് എന്നിവയുമാണ് ഒഴുകിപ്പോയത്.

‘റഫാദ്’, ‘ചന്ദനശ്രീ’ എന്നിവയാണ് തകർന്നത്. സ്റ്റാർ ഓഫ്‌ ഗോഡാണ് ഉടൻ വലിച്ച് കരയ്ക്കടുപ്പിച്ചത്‌. കാര്യമായ തകരാറില്ലാതിരുന്ന ‘ഫാത്തിമ’ ബോട്ടിനെ വലിച്ച് ജെട്ടിയിൽ കൊണ്ടുവന്നു. പിന്നാലെ എത്തിച്ച ‘റഫാദി’ന്റെ അടിയിലെ പലക തകർന്ന് വെള്ളം അകത്തേക്ക് ഇരച്ചുകയറി.

മുങ്ങൽ വിദഗ്ധരുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അടിയിലൂടെ കയറും ബെൽറ്റുമിട്ട് കുടുക്കുണ്ടാക്കി ഉയർത്താൻ മണിക്കൂറുകളോളം ശ്രമിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും സഹായത്തിനെത്തി. പക്ഷേ ഫലമുണ്ടായില്ല. ഇരച്ചുകയറിയ വെള്ളം മൂന്ന്‌ പമ്പുസെറ്റ് ഉപയോഗിച്ച് പുറത്തേക്ക് അടിച്ചുകളഞ്ഞെങ്കിലും ഇതിന്റെ ഇരട്ടി വെള്ളം തിരിച്ചെത്തി. രണ്ട് ബോട്ടുകളുടെ നടുവിലാക്കി വലിച്ചുകൊണ്ടുപോകാനുള്ള ശ്രമവും വെള്ളം കയറിയതിനാൽ നടന്നില്ല.

മാട്ടൂൽ, പഴയങ്ങാടി ഭാഗത്താണ് പൂർണമായും തകർന്ന ബോട്ടുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1061/five-boats-were-washed-away-in-the-night-wind-and-rain-at-azheekal-port)