---
title: "വെളളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു "
english_title: "The Vellore Smart Village office was dedicated to the nation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106105/the-vellore-smart-village-office-was-dedicated-to-the-nation"
published_at: "2023-03-30T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64254775a7088_Screenshot_2023-03-30-13-54-52-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വെളളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു 

> **Lead Summary:** എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ മെയ് മുതൽ: മന്ത്രി കെ രാജൻ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം മെയ് മാസം മുതൽ ആരംഭിക്കുമെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവേ കഴിയുന്നതോടെ ഇൻ്റഗ്രേറ്റഡ് പോർട്ടൽ പ്രവർത്തനം തുടങ്ങും. രജിസ്ട്രേഷൻ, റവന്യൂ ,സർവേ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ഈ സംവിധാനം ഓരോ വില്ലേജിലും നടപ്പാക്കും.

## Article Content

എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ മെയ് മുതൽ: മന്ത്രി കെ രാജൻ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം മെയ് മാസം മുതൽ ആരംഭിക്കുമെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവേ കഴിയുന്നതോടെ ഇൻ്റഗ്രേറ്റഡ് പോർട്ടൽ പ്രവർത്തനം തുടങ്ങും. രജിസ്ട്രേഷൻ, റവന്യൂ ,സർവേ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ഈ സംവിധാനം ഓരോ വില്ലേജിലും നടപ്പാക്കും.

ഭൂമിക്ക് പണം കൊടുത്ത് രജിസ്റ്റർ ചെയ്താൽ അപ്പോൾ തന്നെ പോക്കുവരവ്, ലൊക്കേഷൻ, സ്കെച്ച് എന്നിവ തിരിച്ചറിയാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജനപക്ഷ വികസനത്തിൻ്റെ മാതൃകയാണ് വെള്ളൂർ വില്ലേജ് ഓഫീസ് എന്ന് മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്ഥലം വിട്ടു കൊടുത്തതിനാൽ വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.

പുതിയ കെട്ടിടത്തിനായി വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി ഒമ്പത് സെൻ്റ് ഭൂമി സൗജന്യമായി വിട്ടു നൽകി. വഴിക്ക് വേണ്ടി സ്വകാര്യ വ്യക്തികളും സൗജന്യമായി സ്ഥലം നൽകി. ഇത് ഉദാത്ത മാതൃകയാണെന്നും മന്ത്രി പറഞ്ഞു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് വെള്ളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഒരുക്കിയത്. 1300 ചതുരശ്ര അടിയിലുള്ള കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്.

റാമ്പോടു കൂടിയ വരാന്ത, സ്വീകരണമുറി, എൻക്വയറി കൗണ്ടർ, ഓഫീസ് ഹാൾ, വില്ലേജ് ഓഫീസർക്ക് പ്രത്യേക ക്യാബിൻ, റെക്കോർഡ് റൂം, ഡൈനിംഗ് റൂം, സ്റ്റാഫ് ടോയ്ലറ്റ് വികലാംഗ സൗഹൃദ ടോയ്ലറ്റ് സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ജില്ലാ നിർമിത കേന്ദ്രമാണ് നിർമാണ ചുമതല നിർവഹിച്ചത്. പയ്യന്നൂർ താലൂക്കിലെ രണ്ടാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് വെള്ളൂരിലേത്. ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. നിർമിതി കേന്ദ്രം അസി.എഞ്ചിനീയർ കെ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ആർ ഡി ഒ ഇ പി മേഴ്സി, പയ്യന്നൂർ നഗരസഭാധ്യക്ഷ കെ വി ലളിത, സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, വി വി സജിത, മുൻ എംഎൽഎ സി കൃഷ്ണൻ, നഗരസഭ കൗൺസിലർ ഇ ഭാസ്കരൻ, വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് എ വി കുഞ്ഞിക്കണ്ണൻ ,തഹസിൽദാർ പി രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. വില്ലേജ് ഓഫിസിനായി സൗജന്യമായി സ്ഥലം നൽകിയ വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ പി കുഞ്ഞപ്പൻ, റോഡിനായി സ്ഥലം വിട്ട് നൽകിയ എ പി സൈനബ ,വൈക്കത്ത് സുശീല, പി വി ശ്രീജ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106105/the-vellore-smart-village-office-was-dedicated-to-the-nation)