---
title: "രാഹുല്‍ഗാന്ധിക്കെതിരെ നടപടികളില്‍ പ്രതിഷേധിച്ച് ഏപ്രിലിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് കോൺഗ്രസ്‌ "
english_title: "Rahul gandhi against action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106343/rahul-gandhi-against-action"
published_at: "2023-03-31T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b98f45746_IMG-20230331-WA0033.jpg"
keywords: []
---

# രാഹുല്‍ഗാന്ധിക്കെതിരെ നടപടികളില്‍ പ്രതിഷേധിച്ച് ഏപ്രിലിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് കോൺഗ്രസ്‌ 

> **Lead Summary:** **കൽപ്പറ്റ**: രാഹുല്‍ഗാന്ധിക്കെതിരെ നടപടികളില്‍ പ്രതിഷേധിച്ചും, മോദി-അദാനി ബന്ധം തുറന്നുകാട്ടിയും, കോണ്‍ഗ്രസ് സത്യവേമ ജയതേ എന്ന സന്ദേശമുയര്‍ത്തി രാജ്യവ്യാപകമായി ജയ് ഭാരത് സത്യാഗ്രഹം എന്ന പേരില്‍ പ്രക്ഷോഭ, ക്യാംപയിന്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: രാഹുല്‍ഗാന്ധിക്കെതിരെ നടപടികളില്‍ പ്രതിഷേധിച്ചും, മോദി-അദാനി ബന്ധം തുറന്നുകാട്ടിയും, കോണ്‍ഗ്രസ് സത്യവേമ ജയതേ എന്ന സന്ദേശമുയര്‍ത്തി രാജ്യവ്യാപകമായി ജയ് ഭാരത് സത്യാഗ്രഹം എന്ന പേരില്‍ പ്രക്ഷോഭ, ക്യാംപയിന്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെ ബ്ലോക്ക്തലങ്ങളിലും, ഏപ്രില്‍ 10 മുതല്‍ 20 വരെ ജില്ലാതലങ്ങളിലും, 20 മുതല്‍ 30 വരെയും സംസ്ഥാനതലത്തിലും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ നടത്തുക.

ഏപ്രില്‍ മൂന്നാംവാരം ഡല്‍ഹിയില്‍ ലക്ഷകണക്കിനാളുകള്‍ പങ്കെടുക്കുന്ന ജയ്ഭാരത് സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദി-അദാനി ബന്ധം തുറന്നുകാട്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും.

മോദിയുടെ ഏകാധിപത്യഭരണത്തിനെതിരെ പോരാടാന്‍ തയ്യാറായ എല്ലാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക.

രാഹുല്‍ഗാന്ധിക്കെതിരായ കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈകുന്നുവെന്നത് പ്രചാരണം മാത്രമാണ്. കുറ്റമറ്റ രീതിയിലുള്ള അപ്പീല്‍ നല്‍കാനുള്ള കാലതാമസം മാത്രമാണുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതുകൊണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒരുമിച്ച് മുന്നോട്ടുപോകുകയാണ്.

മോദി സര്‍ക്കാരിനെ വലിച്ചുതാഴെയിടുകയെന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ നടന്നത് ആസൂത്രിതമായ ഗൂഡാലോചനയാണ്.

അദാനിയുമായുള്ള മോദിയുടെ ബന്ധത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചപ്പോള്‍ ഇനി രാ ഹുല്‍ഗാന്ധി പാര്‍ലമെന്റിനകത്ത് ശബ്ദിക്കരുത് എന്ന തീരുമാനത്തിന്റെ ഭാഗമാണത്.

ലോക്‌സഭാ രേഖകളില്‍ നിന്നുപോലും മോദിയും അദാനിയുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും, പ്രസംഗങ്ങളും നീക്കം ചെയ്തു. യഥാര്‍ത്ഥ്യത്തില്‍ സത്യം വിളിച്ചുപറയാനുള്ള രാഹുല്‍ഗാന്ധിയുടെ അവകാശം ഇല്ലാതാക്കിയ മോദിയുടെ നടപടി തിരഞ്ഞെടുത്തയച്ച വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

എത്രയൊക്കെ അയോഗ്യനാക്കാനും, ജയിലിലടക്കാനും ശ്രമിച്ചാലും നിലക്കാത്ത ശബ്ദമായി രാഹുല്‍ഗാന്ധി സത്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ബഹുഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. സംവരണം അടക്കമുള്ള വൈകാരികമായ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാനാവും.

നിയമപരമായ വ്യക്തതയോടെയായിരിക്കും അത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റുമാരായ എന്‍ ഡി അപ്പച്ചന്‍, പ്രവീണ്‍കുമാര്‍, വി എസ് ജോയി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ കെ ഏബ്രഹാം പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106343/rahul-gandhi-against-action)