---
title: " ആറളം ഫാമിലെ ആദിവാസികൾക്ക് കുടിവെള്ളം ശേഖരിക്കാൻ  കാട്ടാനകൾ വിഹരിക്കുന്ന വനത്തിനുള്ളിലെ ഉറവ."
english_title: "A spring in the forest where wild deer roam to collect drinking water for the tribals of Aralam Farm. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106700/a-spring-in-the-forest-where-wild-deer-roam-to-collect-drinking-water-for-the-tribals-of-aralam-farm"
published_at: "2023-04-02T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291fea5b6b5_zfgf.jpg"
keywords: []
---

#  ആറളം ഫാമിലെ ആദിവാസികൾക്ക് കുടിവെള്ളം ശേഖരിക്കാൻ  കാട്ടാനകൾ വിഹരിക്കുന്ന വനത്തിനുള്ളിലെ ഉറവ.

> **Lead Summary:** **ഇരിട്ടി : **കാട്ടാനകൾ വിഹരിക്കുന്ന വനത്തിനുള്ളിലെ ഉറവയിൽനിന്ന് വേണം ആറളം ഫാമിലെ ആദിവാസികൾക്ക് കുടിവെള്ളം ശേഖരിക്കാൻ. വേനൽ കടുത്തതോടെ അതിരൂക്ഷമായ കുടിവെള്ളപ്രശ്നമാണ് ഫാമിനകത്തെ കുടുംബങ്ങൾ നേരിടുന്നത്. കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെടരുതെന്ന പ്രാർത്ഥനയുമായാണ് ആദിവാസികൾ വീട്ടിൽനിന്ന്‌ പാത്രങ്ങളുമായി വെള്ളം ശേഖരിക്കാൻ കാട്ടിലേക്കിറങ്ങുന്നത്. ആനയിറങ്ങുന്ന ‌കാട്ടിലെ ചെറു നീരുറവകളിൽനിന്നുമാണ് ഇവർ വെള്ളം ശേഖരിക്കുന്നത്.

## Article Content

**ഇരിട്ടി : **കാട്ടാനകൾ വിഹരിക്കുന്ന വനത്തിനുള്ളിലെ ഉറവയിൽനിന്ന് വേണം ആറളം ഫാമിലെ ആദിവാസികൾക്ക് കുടിവെള്ളം ശേഖരിക്കാൻ. വേനൽ കടുത്തതോടെ അതിരൂക്ഷമായ കുടിവെള്ളപ്രശ്നമാണ് ഫാമിനകത്തെ കുടുംബങ്ങൾ നേരിടുന്നത്. കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെടരുതെന്ന പ്രാർത്ഥനയുമായാണ് ആദിവാസികൾ വീട്ടിൽനിന്ന്‌ പാത്രങ്ങളുമായി വെള്ളം ശേഖരിക്കാൻ കാട്ടിലേക്കിറങ്ങുന്നത്. ആനയിറങ്ങുന്ന ‌കാട്ടിലെ ചെറു നീരുറവകളിൽനിന്നുമാണ് ഇവർ വെള്ളം ശേഖരിക്കുന്നത്.

കോടികൾ മുടക്കിയുള്ള ജലനിധി കുടിവെള്ള പദ്ധതി ഉണ്ടായിട്ടും മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് തൊണ്ടനിനയ്ക്കണമെങ്കിൽ ഒന്നുകിൽ പഞ്ചായത്തിൽനിന്നുള്ള വെള്ളം വരുന്നതുവരെ കാക്കണം. അല്ലെങ്കിൽ കാട്ടാനയെ ഭയന്ന് വനത്തിനുള്ളിലെ നീരുറവയെ ആശ്രയിക്കണം. പുനരധിവാസ മേഖലയിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം ഉണ്ടാകുന്നില്ല. പല കുടുംബങ്ങളും കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളം എത്തിക്കുന്നത്.

വെള്ളം ശേഖരിച്ചുവെക്കാൻ പാത്രങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതും കുടുംബങ്ങൾക്ക് ഏറെ പ്രായസം ഉണ്ടാക്കുന്നുണ്ട്. വീടുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ കണക്‌ഷനുകൾ വേനലിന് മുൻപ്‌ ശരിയാക്കിയിരുന്നെങ്കിൽ കുറെ കുടുംബങ്ങൾക്കെങ്കിലും വെള്ളം ലഭിക്കുമായിരുന്നു. എന്നാൽ ഇതിനുള്ള ഒരു നടപടിയും ആദിവാസി പുരധിവാസ മിഷനിൽനിന്നോ ജലനിധി പദ്ധതി അധികൃതരിൽനിന്നോ ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106700/a-spring-in-the-forest-where-wild-deer-roam-to-collect-drinking-water-for-the-tribals-of-aralam-farm)