---
title: "കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരിയെ തീകൊളുത്തി;  തലശ്ശേരി സ്വദേശികൾ ഉൾപ്പെടെ 9 പേര്‍ക്ക് പൊള്ളലേറ്റു"
english_title: "Kannurexpress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106805/kannurexpress"
published_at: "2023-04-03T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a215e9ade5_images_-_2023-04-03T060927.308.jpeg"
keywords: []
---

# കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരിയെ തീകൊളുത്തി;  തലശ്ശേരി സ്വദേശികൾ ഉൾപ്പെടെ 9 പേര്‍ക്ക് പൊള്ളലേറ്റു

> **Lead Summary:**  **കോഴിക്കോട്: **ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനിനുള്ളിൽ തീകൊളുത്തി വധശ്രമം. ഒൻപതുപേർക്ക് പൊള്ളലേറ്റു. ഡി 2 കമ്പാർട്ട്മെന്റിലാണ് സംഭവം. കംമ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ആൾ, യാത്രക്കാരിയായ പെൺകുട്ടിയുമായുണ്ടായ തർക്കത്തിന് പിന്നാലെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം.

## Article Content

 **കോഴിക്കോട്: **ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനിനുള്ളിൽ തീകൊളുത്തി വധശ്രമം. ഒൻപതുപേർക്ക് പൊള്ളലേറ്റു. ഡി 2 കമ്പാർട്ട്മെന്റിലാണ് സംഭവം. കംമ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ആൾ, യാത്രക്കാരിയായ പെൺകുട്ടിയുമായുണ്ടായ തർക്കത്തിന് പിന്നാലെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം.

ട്രെയിൻ കോഴിക്കോട് എലത്തൂർ പാലത്തിൽ എത്തിയപ്പോഴായിരുന്നു അക്രമം. പെൺകുട്ടി ഉൾപ്പടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. കാറ്റിൽ തീ ആളിപ്പടർന്നാണ് മറ്റ് യാത്രക്കാർക്ക് പൊള്ളലേറ്റത്. പരിക്കേറ്റവരിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റു മൂന്നുപേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തലശ്ശേരി സ്വദേശി അനിൽകുമാർ ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, പ്രിൻസ്, ജോതിന്ദ്രനാഥ്, പ്രകാശൻ, അശ്വതി, ആഷിഖ് എന്നിവർക്കാണ് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. രണ്ട് കുപ്പി പെട്രോളുമായി വന്ന ഒരാൾ പെൺകുട്ടിയും കുടുംബവും ഇരുന്ന സ്ഥലത്ത് എത്തി ഉച്ചത്തിൽ സംസാരിച്ച് ബഹളം വെക്കുകയും ഒരു കുപ്പി പെട്രോൾ ഇവർക്ക് നേരെ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നെന്ന് പരിക്കേറ്റ ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം തീയിട്ട ആൾ ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നും പരിക്കേറ്റയാൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. അക്രമിക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനിൽനിന്ന്, സംഭവം ഉണ്ടായ ബോഗി മാറ്റി കണ്ണൂരിലേക്ക് യാത്ര തുടരാൻ ഉള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106805/kannurexpress)