---
title: "കോഴിക്കോട് ട്രെയിനില്‍ തീവെപ്പ്; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍"
english_title: "Train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106806/train"
published_at: "2023-04-03T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a2604d9028_n486366902168048366377275aa7a4804412f9ae89df5f1c8a07eba29d9c3d2424cafd4e23ac2ce4e0e8c71.jpg"
keywords: []
---

# കോഴിക്കോട് ട്രെയിനില്‍ തീവെപ്പ്; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍

> **Lead Summary:** **കോഴിക്കോട്**: എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതം.

## Article Content

**കോഴിക്കോട്**: എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതം.

9 പേര്‍ക്കാണ് അക്രമത്തില്‍ പൊള്ളലേറ്റത്. 3 പേര്‍ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലിലും 5 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ട്രാക്കില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അക്രമം കണ്ട് രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയവരാകാമെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടേയും കുഞ്ഞിന്റേയും ഒരു മധ്യവയസ്‌കന്റേയും ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്ബതിമാരുടെ മകള്‍ ഷഹ്റാമത്ത് (രണ്ടര വയസ്സ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച്‌ വീണ നിലയിലായിരുന്നു മൂന്നുപേരും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനില്‍ ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തീ ആളിപ്പടര്‍ന്നതോടെ യാത്രക്കാര്‍ അടുത്ത കോച്ചിലേക്ക് ഓടി. ചിലര്‍ ചങ്ങല വലിച്ചതോടെ ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ പിടിച്ചിട്ടു. ഈ സമയത്താണ് അക്രമി കടന്നു കളഞ്ഞത്. പെട്രോള്‍ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. അക്രമിക്കും പൊള്ളലേറ്റതായും സൂചനയുണ്ട്.

അക്രമം ഉണ്ടായ D1, D2 കോച്ചുകള്‍ പൊലീസ് സീല്‍ ചെയ്‌തു. പൊള്ളലേറ്റവരില്‍ ഒമ്ബത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106806/train)