---
title: "ട്രെയിൻ ആക്രമണം - സംഭവത്തിൽ ദുരൂഹത , പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയവയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകൾ, സ്ഥലപേരുകൾ"
english_title: "Train attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106828/train-attack"
published_at: "2023-04-03T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a6079ce627_Screenshot_2023-04-03-10-38-24-43_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ട്രെയിൻ ആക്രമണം - സംഭവത്തിൽ ദുരൂഹത , പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയവയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകൾ, സ്ഥലപേരുകൾ

> **Lead Summary:** **ആലപ്പുഴ**-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ആക്രമണം നടത്തിയ പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയവയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും. കുറിപ്പുകൾ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയർഫോണും കവറും, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷർട്ട്, തോർത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ**-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ആക്രമണം നടത്തിയ പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയവയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും. കുറിപ്പുകൾ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയർഫോണും കവറും, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷർട്ട്, തോർത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്.

ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പിൽ കാർപെന്റർ എന്ന വാക്ക് ആവർത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്രമണം സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയവും അന്വേഷണം നടത്തുമെന്നാണ് വിവരങ്ങൾ. സംഭവത്തിൽ റെയിൽവേ മന്ത്രാലയം വിവരങ്ങൾ തേടിയിട്ടുണ്ട്. അക്രമിയെ സംബന്ധിച്ച് നിർണായക സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവശേഷം ഇയാൾ ട്രെയിൻ നിർത്തി റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിൽ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഇയാളെ കാത്ത് ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചുവന്ന ഷർട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷി മൊഴി നൽകിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിൻ എലത്തൂരിലെത്തിയപ്പോഴാണ് ഡി1 കോച്ചിൽ വെച്ച് ആക്രമി യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തിയത്.

തീ പൊള്ളലിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പി.സി.ലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശൻ എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 5 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയാണ്. പരിക്കേറ്റ ഒമ്പതാമത്തെയാൾ റാസിഖ് കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. അക്രമം നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ ഇയാളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനിടെ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേർ മരിക്കുകയും ചെയ്യ്തു.

മട്ടന്നൂർ സ്വദേശി റഹ്മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകൾ രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിലേക്ക് നയിച്ചത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന് കയറിയതായിരുന്നു ഇയാൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106828/train-attack)