---
title: "പുഴയുടെ ഒഴുക്ക് പൂർണമായി തടഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായി. "
english_title: "Pinarayi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106906/pinarayi"
published_at: "2023-04-03T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa93fba169_IMG-20230403-WA0159.jpg"
keywords: []
---

# പുഴയുടെ ഒഴുക്ക് പൂർണമായി തടഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായി. 

> **Lead Summary:** **പിണറായി** : പടന്നക്കര ചേക്കുപ്പാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനായി പുഴയുടെ ഒഴുക്ക് പൂർണമായി തടഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായി. നവംബർ 23-നാണ് അഞ്ചരക്കണ്ടി പുഴയിൽ മൺഭിത്തി കെട്ടി പുഴയുടെ ഒഴുക്ക് പൂർണമായി തടഞ്ഞുകൊണ്ട് റഗുലേറ്റർ നിർമാണം തുടങ്ങിയത്. ഇതോടെ പുഴയുടെ ഒഴുക്കും നിലച്ചു.

## Article Content

**പിണറായി** : പടന്നക്കര ചേക്കുപ്പാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനായി പുഴയുടെ ഒഴുക്ക് പൂർണമായി തടഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായി. നവംബർ 23-നാണ് അഞ്ചരക്കണ്ടി പുഴയിൽ മൺഭിത്തി കെട്ടി പുഴയുടെ ഒഴുക്ക് പൂർണമായി തടഞ്ഞുകൊണ്ട് റഗുലേറ്റർ നിർമാണം തുടങ്ങിയത്. ഇതോടെ പുഴയുടെ ഒഴുക്കും നിലച്ചു.

പുഴയിൽനിന്ന് പാടങ്ങളിലേക്കുള്ള മത്സ്യത്തിന്റെ വരവ് ഇല്ലാതായി. ഒഴുക്ക് നിലച്ചതിനാൽ ഓക്സിജന്റെ അഭാവത്തിൽ മത്സ്യക്കുഞ്ഞുങ്ങളും കൊഞ്ചും കൂട്ടമായി ചത്തുപൊന്തി. പലപ്പോഴും ഒഴിഞ്ഞ വലയുമായി തിരികെ പോകേണ്ട സ്ഥിതിയാണ്. സംഘങ്ങളിൽനിന്ന് വായ്പയെടുത്തും കടംകൊണ്ടുമാണ് പലരും നാല് ലക്ഷത്തോളം രൂപ മുടക്കി ഇവിടെ മത്സ്യപ്പാടങ്ങൾ പാട്ടത്തിനെടുത്തത്. ആർക്കും പാട്ടക്കാലയളവ് തന്നെ പൂർത്തിയാക്കാനായില്ല. വരുമാനം നിലച്ചതോടെ പലർക്കും തിരിച്ചടവും മുടങ്ങി. പിണറായി, എരഞ്ഞോളി പഞ്ചായത്തുകളിലായി ധാരാളം മത്സ്യസമ്പത്തുള്ള 15 പാടങ്ങളാണുള്ളത്. ഇതിനെ ആശ്രയിച്ച് കഴിയുന്ന അമ്പതോളം കുടുംബങ്ങളും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പാടംവറ്റിച്ച് വിളവെടുപ്പ് നടത്തുന്നത് പ്രധാനമായും ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ്. എന്നാൽ ഇത്തവണ തൊഴിലാളികൾക്കുമാത്രമല്ല നാട്ടിലെ പുഴമത്സ്യ പ്രിയക്കാർക്കും വിഷു അത്ര രുചികരമാവില്ലെന്ന് സാരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106906/pinarayi)