---
title: "പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുങ്ങിയും ഞെട്ടിയും മട്ടന്നൂർ"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106980/mattannur"
published_at: "2023-04-04T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b79551adc1_IMG-20230404-WA0001.jpg"
keywords: []
---

# പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുങ്ങിയും ഞെട്ടിയും മട്ടന്നൂർ

> **Lead Summary:**  **മട്ടന്നൂർ: **പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുങ്ങിയും ഞെട്ടിയും മട്ടന്നൂർ. ഞായറാഴ്ച രാത്രി ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിലെ ബോഗിയിൽ തീവെച്ചതു മുതൽ പല അഭ്യൂഹങ്ങളും പരന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ അന്വേഷിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിളികൾ വന്നു. തൊട്ടുപിന്നാലെ മരണം സ്ഥിരീകരിച്ച് ഔദ്യോഗിക വിവരങ്ങളുമെത്തിയതോടെ നാട് അക്ഷരാർഥത്തിൽ ഞെട്ടി.

## Article Content

 **മട്ടന്നൂർ: **പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുങ്ങിയും ഞെട്ടിയും മട്ടന്നൂർ. ഞായറാഴ്ച രാത്രി ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിലെ ബോഗിയിൽ തീവെച്ചതു മുതൽ പല അഭ്യൂഹങ്ങളും പരന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ അന്വേഷിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിളികൾ വന്നു. തൊട്ടുപിന്നാലെ മരണം സ്ഥിരീകരിച്ച് ഔദ്യോഗിക വിവരങ്ങളുമെത്തിയതോടെ നാട് അക്ഷരാർഥത്തിൽ ഞെട്ടി.

ചൊവ്വാഴ്ച പാലോട്ടുപള്ളിയിലെ വീട്ടില്‍ റഹ്‌മത്തിന്റെ പിതാവിന്റെ ‘ആണ്ടി’ല്‍ പങ്കെടുക്കുന്നതിന് കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന അനിയത്തി ജസീലയുടെ മകളെ ചാലിയത്തുനിന്ന് കൂട്ടി വരികയായിരുന്നു. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശിനി റഹ്‌മത്ത് മാണിക്കോത്ത് (45), ഇവരുടെ സഹോദരി ജസീലയുടെ പുത്രി സഹ്‌റ ബത്തൂല്‍ (രണ്ട്), മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി നൗഫീഖ് (42) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച നോമ്പുതുറക്കുശേഷമാണ് മൂവരും ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രയിനിൽ നാട്ടിലേക്ക് പുറപ്പെട്ടത്. ട്രെയിൻ കോഴിക്കോട് എലത്തൂരില്‍ എത്തിയപ്പോഴാണ് യുവാവ് തീവെച്ചു കൊല്ലാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ ട്രാക്കിലേക്ക് വീണതാവുമെന്നാണ് നിഗമനം. മണിക്കൂറുകൾക്കു ശേഷമാണ് റെയിൽവേ പാളത്തില്‍ മരണപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയ വിവരം പുറത്തുവന്നത്. ട്രെയിനിൽ പരിഭ്രാന്തരായി റഹ്‌മത്തും സഹറയും നൗഫീഖും പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇവരെ കാണാതായതായും ചിലര്‍ പുറത്തേക്ക് ചാടിയതായും പൊള്ളലേറ്റ സഹയാത്രികര്‍ വ്യക്തമാക്കിയിരുന്നു. പരേതനായ അബ്ദുള്‍ റഹ്‌മാന്‍- ജമീല ദമ്പതികളുടെ മകളാണ് റഹ്‌മത്ത്. ഭര്‍ത്താവ് പാപ്പിനിശ്ശേരി സ്വദേശി ഷറഫുദ്ദീന്‍. മകന്‍: റംഷാദ്. സഹോദരങ്ങള്‍: ഹമീദ്, ജുബൈരിയ, ഹുസൈന്‍, സത്താര്‍, സഹദ്, ജസീല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106980/mattannur)