---
title: "സൗഹൃദങ്ങളൊരുക്കിയ സ്‌നേഹത്തണലില്‍ പ്രിയ അനിലിനൊപ്പം പുതിയ ജീവിതത്തിലേക്ക്."
english_title: "To a new life with Priya Anil in the shadow of friendship. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107171/to-a-new-life-with-priya-anil-in-the-shadow-of-friendship"
published_at: "2023-04-05T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cbe95811c0_dgdxxg.jpg"
keywords: []
---

# സൗഹൃദങ്ങളൊരുക്കിയ സ്‌നേഹത്തണലില്‍ പ്രിയ അനിലിനൊപ്പം പുതിയ ജീവിതത്തിലേക്ക്.

> **Lead Summary:** ചേര്‍ത്തല: സൗഹൃദങ്ങളൊരുക്കിയ സ്‌നേഹത്തണലില്‍ പ്രിയ അനിലിനൊപ്പം പുതിയ ജീവിതത്തിലേക്ക്. കുടുംബാംഗങ്ങള്‍ക്കൊപ്പം സൗഹൃദക്കൂട്ടത്തിന്റെ ആഹ്ലാദത്തിരകള്‍ക്കിടയില്‍ ചേര്‍ത്തല വാവക്കാട് മഹാദേവക്ഷേത്ര സന്നിധിയിലായിരുന്നു വിവാഹം. ചേര്‍ത്തല തെക്ക് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1987-88 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മയായ 'സുവര്‍ണമുദ്ര'യാണ് കൂട്ടുകാരിയുടെ വിവാഹത്തിനു ചുക്കാന്‍പിടിച്ചത്. മൂന്നരപ്പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഏതാനുംമാസംമുമ്പാണ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ ഒത്തുകൂടിയത്. വിവിധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 110 ഓളം പേരാണ് ഇതില്‍ സജീവമായുള്ളത്. ഒത്തുകൂടലുകള്‍ക്കപ്പുറം കൂട്ടുകാരുടെ സുഖദുഖങ്ങളറിയാനുള്ള ശ്രമങ്ങളും കൂട്ടായ്മ നടത്തി. ഇത്തരത്തില്‍ കൂട്ടുകാരെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് പ്രിയയുടെ വിവാഹം ചര്‍ച്ചയാകുന്നത്. ചേര്‍ത്തല കുറുപ്പന്‍കുളങ്ങര നിവര്‍ത്തില്‍ കമലമ്മയുടെയും പരേതനായ പരമേശ്വരന്റെയും മകളായ പ്രിയയുടെ വിവാഹം നടന്നിരുന്നില്ല. ഇതറിഞ്ഞ കൂട്ടുകാര്‍ വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഏറ്റെടുക്കുകയായിരുന്നു. വീട്ടുകാരുടെ സഹകരണത്തില്‍ കൂട്ടുകാര്‍തന്നെയാണ് വരനായ മരുത്തോര്‍വട്ടം ഗീതാലയത്തില്‍ രാധയുടെയും പരേതനായ പ്രഭാകരന്റെയും മകന്‍ അനിലിനെ കണ്ടെത്തുന്നത്. ഇരുവരുടെയും കുടുംബങ്ങളും ഇതിനൊപ്പംനിന്നു. വിവാഹത്തിന്റെയും സത്കാരത്തിന്റെയും ചെലവുകളും കുടുംബത്തിനൊപ്പം കൂട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. അതിനാല്‍ത്തന്നെ മുഖ്യനടത്തിപ്പുകാര്‍ കൂട്ടുകാര്‍ തന്നെയായിരുന്നു. ഭാരവാഹികളായ സജി കുഞ്ഞിക്കുട്ടന്‍, വി. വിനോദ്, സി.കെ. സുനില്‍കുമാര്‍ എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നത്.

## Article Content

ചേര്‍ത്തല: സൗഹൃദങ്ങളൊരുക്കിയ സ്‌നേഹത്തണലില്‍ പ്രിയ അനിലിനൊപ്പം പുതിയ ജീവിതത്തിലേക്ക്. കുടുംബാംഗങ്ങള്‍ക്കൊപ്പം സൗഹൃദക്കൂട്ടത്തിന്റെ ആഹ്ലാദത്തിരകള്‍ക്കിടയില്‍ ചേര്‍ത്തല വാവക്കാട് മഹാദേവക്ഷേത്ര സന്നിധിയിലായിരുന്നു വിവാഹം. ചേര്‍ത്തല തെക്ക് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1987-88 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മയായ 'സുവര്‍ണമുദ്ര'യാണ് കൂട്ടുകാരിയുടെ വിവാഹത്തിനു ചുക്കാന്‍പിടിച്ചത്. മൂന്നരപ്പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഏതാനുംമാസംമുമ്പാണ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ ഒത്തുകൂടിയത്. വിവിധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 110 ഓളം പേരാണ് ഇതില്‍ സജീവമായുള്ളത്. ഒത്തുകൂടലുകള്‍ക്കപ്പുറം കൂട്ടുകാരുടെ സുഖദുഖങ്ങളറിയാനുള്ള ശ്രമങ്ങളും കൂട്ടായ്മ നടത്തി. ഇത്തരത്തില്‍ കൂട്ടുകാരെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് പ്രിയയുടെ വിവാഹം ചര്‍ച്ചയാകുന്നത്. ചേര്‍ത്തല കുറുപ്പന്‍കുളങ്ങര നിവര്‍ത്തില്‍ കമലമ്മയുടെയും പരേതനായ പരമേശ്വരന്റെയും മകളായ പ്രിയയുടെ വിവാഹം നടന്നിരുന്നില്ല. ഇതറിഞ്ഞ കൂട്ടുകാര്‍ വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഏറ്റെടുക്കുകയായിരുന്നു. വീട്ടുകാരുടെ സഹകരണത്തില്‍ കൂട്ടുകാര്‍തന്നെയാണ് വരനായ മരുത്തോര്‍വട്ടം ഗീതാലയത്തില്‍ രാധയുടെയും പരേതനായ പ്രഭാകരന്റെയും മകന്‍ അനിലിനെ കണ്ടെത്തുന്നത്. ഇരുവരുടെയും കുടുംബങ്ങളും ഇതിനൊപ്പംനിന്നു. വിവാഹത്തിന്റെയും സത്കാരത്തിന്റെയും ചെലവുകളും കുടുംബത്തിനൊപ്പം കൂട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. അതിനാല്‍ത്തന്നെ മുഖ്യനടത്തിപ്പുകാര്‍ കൂട്ടുകാര്‍ തന്നെയായിരുന്നു. ഭാരവാഹികളായ സജി കുഞ്ഞിക്കുട്ടന്‍, വി. വിനോദ്, സി.കെ. സുനില്‍കുമാര്‍ എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107171/to-a-new-life-with-priya-anil-in-the-shadow-of-friendship)