---
title: "പള്ളിവേട്ട കഴിഞ്ഞു; ഇന്ന് ശ്രീപദ്മനാഭന്റെ ആറാട്ട്"
english_title: "Pathmanabakshethram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107174/pathmanabakshethram"
published_at: "2023-04-05T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cc67bd5e98_IMG-20230405-WA0001.jpg"
keywords: []
---

# പള്ളിവേട്ട കഴിഞ്ഞു; ഇന്ന് ശ്രീപദ്മനാഭന്റെ ആറാട്ട്

> **Lead Summary:**  **തിരുവനന്തപുരം : **ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ആചാരപൂർവം നടന്നു. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ചൊവ്വാഴ്ച രാത്രി എട്ടരയോടെ രാജകുടുംബ സ്ഥാനി മൂലം തിരുനാൾ രാമവർമയാണ് നടത്തിയത്. ബുധനാഴ്ച വൈകീട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.

## Article Content

 **തിരുവനന്തപുരം : **ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ആചാരപൂർവം നടന്നു. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ചൊവ്വാഴ്ച രാത്രി എട്ടരയോടെ രാജകുടുംബ സ്ഥാനി മൂലം തിരുനാൾ രാമവർമയാണ് നടത്തിയത്. ബുധനാഴ്ച വൈകീട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.

ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി ക്ഷേത്രത്തിൽ നിന്നു ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിച്ചു. പോലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെയാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. വേട്ടക്കളത്തിന് സമീപത്ത് തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാട് അമ്പും വില്ലും പൂജിച്ച് രാമവർമയ്ക്ക് കൈമാറി. കരിക്കിൽ പ്രതീകമായി അമ്പെയ്താണ് വേട്ട നടത്തിയത്. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളം റവന്യൂ ഉദ്യോഗസ്ഥർ പൂർവാചാരപ്രകാരം അലങ്കരിച്ചിരുന്നു. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയത്. വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ കടന്നു. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും പൂജയ്ക്ക് വച്ചു. ബുധനാഴ്ച രാവിലെ അഞ്ചിന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് നിർമാല്യവും നടത്തും. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, പ്രൊഫ.പി.കെ. മാധവൻനായർ, രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി എക്‌സിക്യൂട്ടീവ് ഓഫീസർ മഹേഷ് ബി., മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പള്ളിവേട്ടയുടെ ചടങ്ങുകളിൽ പങ്കെടുത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്‌ക്ക് തുടക്കമാവും.

ഇവയ്‌ക്കൊപ്പം ചേരാനായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. ഇവയും ചേർന്നാണ് കൂടിയാറാട്ടിനായി ശംഖുംമുഖത്തേക്ക് ഘോഷയാത്ര നടക്കുന്നത്. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും. തീരത്തെ കൽമണ്ഡപത്തിലിറക്കിവച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങളെ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. വ്യാഴാഴ്ച രാവിലെ ആറാട്ട് കലശം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107174/pathmanabakshethram)