---
title: "പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ പുഴയോരങ്ങളിൽനിന്ന് മണൽക്കടത്ത് വ്യാപകമാകുന്നു"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107175/mattannur"
published_at: "2023-04-05T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cc9c81349d_IMG-20230405-WA0002.jpg"
keywords: []
---

# പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ പുഴയോരങ്ങളിൽനിന്ന് മണൽക്കടത്ത് വ്യാപകമാകുന്നു

> **Lead Summary:** **മട്ടന്നൂർ : **കടുത്ത വേനലിൽ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ പുഴയോരങ്ങളിൽനിന്ന് മണൽക്കടത്ത് വ്യാപകമാകുന്നു. പഴശ്ശിഡാം പരിസരം, ഇരിക്കൂർ പാലം, ആയിപ്പുഴ, മണ്ണൂർ നായിക്കാലി, വെളിയമ്പ്ര പൂക്കുണ്ട്, പൊറോറ പാറാടൻചാൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മണൽ വാരി കടത്തുന്നത്. മണൽക്കൊള്ള നടക്കുമ്പോഴും നടപടി സ്വീകരിക്കേണ്ട അധികൃതർ അനങ്ങുന്നില്ലെന്നാണ് പരാതി. പോലീസ് ഇടയ്ക്കിടെ എതാനും വാഹനങ്ങൾ പിടികൂടുന്നത് ഒഴിച്ചാൽ റവന്യൂ അധികൃതരും മറ്റും മണൽക്കടത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്. പെരിയച്ചൂരിൽനിന്ന് മണൽ കടത്തുകയായിരുന്ന പിക്കപ്പ് ജീപ്പ് കഴിഞ്ഞദിവസം മട്ടന്നൂർ പോലീസ് പിടികൂടിയിരുന്നു.

## Article Content

**മട്ടന്നൂർ : **കടുത്ത വേനലിൽ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ പുഴയോരങ്ങളിൽനിന്ന് മണൽക്കടത്ത് വ്യാപകമാകുന്നു. പഴശ്ശിഡാം പരിസരം, ഇരിക്കൂർ പാലം, ആയിപ്പുഴ, മണ്ണൂർ നായിക്കാലി, വെളിയമ്പ്ര പൂക്കുണ്ട്, പൊറോറ പാറാടൻചാൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മണൽ വാരി കടത്തുന്നത്. മണൽക്കൊള്ള നടക്കുമ്പോഴും നടപടി സ്വീകരിക്കേണ്ട അധികൃതർ അനങ്ങുന്നില്ലെന്നാണ് പരാതി. പോലീസ് ഇടയ്ക്കിടെ എതാനും വാഹനങ്ങൾ പിടികൂടുന്നത് ഒഴിച്ചാൽ റവന്യൂ അധികൃതരും മറ്റും മണൽക്കടത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്. പെരിയച്ചൂരിൽനിന്ന് മണൽ കടത്തുകയായിരുന്ന പിക്കപ്പ് ജീപ്പ് കഴിഞ്ഞദിവസം മട്ടന്നൂർ പോലീസ് പിടികൂടിയിരുന്നു.

പോലീസിനെ കണ്ട് നിർത്താതെ പോയ ജീപ്പ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. മട്ടന്നൂർ എസ്.ഐ. സനൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് മണൽ പിടിച്ചത്. വർഷങ്ങൾക്ക് മുൻപ് മണൽക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഗുണ്ടാസംഘം അപായപ്പെടുത്താൻ ശ്രമിച്ച സംഭവമുണ്ടായിരുന്നു. തുടർന്ന് വെളിയമ്പ്ര പൂക്കുണ്ടിൽ പോലീസിന്റെ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് കോവിഡ് കാലത്തും മറ്റും പരിശോധന കുറഞ്ഞതോടെയാണ് മണൽവാരൽ വ്യാപകമായത്. രാത്രിയിലും പുലർച്ചെയുമായി വാരുന്ന മണൽ ചാക്കിൽ നിറച്ച് പുഴയോരത്ത് സൂക്ഷിച്ചാണ് ലോറിയിലും മറ്റുമായി കടത്തുന്നത്. ആവശ്യക്കാർക്ക് എത്തിച്ചുനൽകിയാൽ വൻ തുകയാണ് സംഘം ഈടാക്കുന്നത്. മണൽ വാരുമ്പോൾ പോലീസും മറ്റും വരുന്നത് നിരീക്ഷിക്കാനും മണൽ കടത്തുന്ന വാഹനങ്ങളെ അനുഗമിക്കാനും പ്രത്യേക സംഘം തന്നെയുണ്ടാകാറുണ്ട്. പോലീസിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാലുടൻ വാഹനവും മണലും ഉപേക്ഷിച്ച് ബൈക്കുകളിലും മറ്റുമായി രക്ഷപ്പെടുകയാണ് പതിവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107175/mattannur)