---
title: "അപകടാവസ്ഥയിലായ കണ്ണവം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു. "
english_title: "New building for Kannavam Police Station, which is in a state of danger, becomes a reality."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107532/new-building-for-kannavam-police-station-which-is-in-a-state-of-danger-becomes-a-reality"
published_at: "2023-04-06T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eea2a112f4_kannavam_police_station.jpg"
keywords: []
---

# അപകടാവസ്ഥയിലായ കണ്ണവം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു. 

> **Lead Summary:** **ചിറ്റാരിപ്പറമ്പ് :** അപകടാവസ്ഥയിലായ കണ്ണവം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു. സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2.20 കോടി രൂപ ചെലവിലാണ് നിർമാണം. ടൗണിൽ 22 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണവം പൊലീസ് സ്റ്റേഷനാണു സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നത്.

## Article Content

**ചിറ്റാരിപ്പറമ്പ് :** അപകടാവസ്ഥയിലായ കണ്ണവം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു. സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2.20 കോടി രൂപ ചെലവിലാണ് നിർമാണം. ടൗണിൽ 22 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണവം പൊലീസ് സ്റ്റേഷനാണു സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നത്.

കണ്ണവം വില്ലേജ് ഓഫിസിന് സമീപം നിലവിലുള്ള പൊലീസ് സ്റ്റേഷന് എതിർവശത്തായി വനം വകുപ്പ് വിട്ടുകൊടുത്ത 27 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നത്. ‌ സ്റ്റേഷൻ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള 42 ജീവനക്കാർ അപകടകരമായ കെട്ടിടത്തിലാണ് ജോലി ചെയ്യുന്നത്. പുതിയ കെട്ടിടത്തിൽ ഓഫിസ് മുറികൾ, സെൽ, പൊലീസുകാർക്കുള്ള വിശ്രമമുറി തുടങ്ങി ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടമാണ് പണിയുന്നത്.

കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണ ചുമതല. സൗകര്യപ്രദമായ ഒരു പൊലീസ് സ്റ്റേഷൻ കെട്ടിടം എന്നതു പൊലീസുകാരുടെ മാത്രമല്ല നാടിന്റെ കൂടെ ആവശ്യമാണ്. ഇത് പരിഗണിച്ച് നാട്ടുകാർ ഉൾപ്പെടെ മുഖ്യമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിരുന്നു.ടാർപായ വലിച്ചു കെട്ടിയ പൊളിഞ്ഞ് വീഴാറായ ഇരുനില കെട്ടിടത്തിൽ ആണ് നിലവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സ്റ്റേഷനിൽ തൊണ്ടിമുതൽ സൂക്ഷിക്കാനും പ്രതികളെ ചോദ്യം ചെയ്യാനും സ്ഥലമില്ല.

സുരക്ഷിതമായ ലോക്കപ്പ് പോലും ഇല്ല. പ്രതികൾ സ്റ്റേഷൻ വരാന്തയിലെ ബെഞ്ചിൽ ആണ് ഇരിക്കുന്നത്. വലിയ കേസുകളിലെ പ്രതികളെ കൂത്തുപറമ്പ് സ്റ്റേഷനിലെ ലോക്കപ്പിൽ ആണ് താമസിപ്പിക്കുന്നത്.

വൃത്തിയുളള വനിതാശുചിമുറിയോ പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല.പരാതിയുമായി വരുന്ന നാട്ടുകാർ കുടയും ചൂടി സ്റ്റേഷൻ വളപ്പിൽ മരച്ചുവട്ടിൽ നിൽക്കുന്ന അവസ്ഥ. കൂടാതെ കണ്ണവം വനാതിർത്തിയിലെ സ്റ്റേഷൻ ആയതിനാൽ മാവോയിസ്റ്റ് ഭീഷണിയും ഉണ്ട്. ത്യക്കടാരിപൊയിൽ കോളയാട്, ചെറുവാഞ്ചേരി, ചിറ്റാരിപ്പറമ്പ്, മാനന്തേരി എന്നിവിടങ്ങളിലേക്ക് ഏറ്റവും പെട്ടെന്ന് എത്തിപ്പെടാൻ പറ്റിയ നിലയ്ക്കാണ് കണ്ണവം ടൗണിൽ തന്നെ പൊലീസ് സ്റ്റേഷനു കെട്ടിടം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107532/new-building-for-kannavam-police-station-which-is-in-a-state-of-danger-becomes-a-reality)