---
title: "കുറുങ്കടവ് പാലത്തിനായുള്ള നാട്ടുകാരുടെ പ്രതീക്ഷകൾ നീളുന്നു"
english_title: "Locals' hopes for Kurunkadav bridge are high"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107639/locals-hopes-for-kurunkadav-bridge-are-high"
published_at: "2023-04-07T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fc7b955549_IMG-20230407-WA0073.jpg"
keywords: []
---

# കുറുങ്കടവ് പാലത്തിനായുള്ള നാട്ടുകാരുടെ പ്രതീക്ഷകൾ നീളുന്നു

> **Lead Summary:** **പയ്യന്നൂർ** : അഴിയാക്കുരുക്കായി കിടക്കുന്ന കുറുങ്കടവ് പാലത്തിനായുള്ള നാട്ടുകാരുടെ പ്രതീക്ഷകൾ നീളുന്നു. കുറുങ്കടവ് പാലം നിർമാണം ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് സമ്മതിക്കുമ്പോഴും മറ്റ് നടപടികൾ ഒന്നുമാകുന്നില്ല. പയ്യന്നൂർ നഗരസഭയേയും രാമന്തളി പഞ്ചായത്തിനേയും ബന്ധിപ്പിച്ച് കുറുങ്കടവിൽ പാലം നിർമിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് ഒന്നുമായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗം എൻജിനിയർമാർ പ്രാഥമിക പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. പാലം നിർമാണത്തിനായി വീടുകളൊന്നും ഒഴിപ്പിക്കേണ്ടിവരില്ലെന്നും പാലം വന്നാൽ അത് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കുമെന്ന പ്രാഥമിക പഠനറിപ്പോർട്ടാണ് പയ്യന്നൂരിലെ പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നത്.

## Article Content

**പയ്യന്നൂർ** : അഴിയാക്കുരുക്കായി കിടക്കുന്ന കുറുങ്കടവ് പാലത്തിനായുള്ള നാട്ടുകാരുടെ പ്രതീക്ഷകൾ നീളുന്നു. കുറുങ്കടവ് പാലം നിർമാണം ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് സമ്മതിക്കുമ്പോഴും മറ്റ് നടപടികൾ ഒന്നുമാകുന്നില്ല. പയ്യന്നൂർ നഗരസഭയേയും രാമന്തളി പഞ്ചായത്തിനേയും ബന്ധിപ്പിച്ച് കുറുങ്കടവിൽ പാലം നിർമിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് ഒന്നുമായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗം എൻജിനിയർമാർ പ്രാഥമിക പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. പാലം നിർമാണത്തിനായി വീടുകളൊന്നും ഒഴിപ്പിക്കേണ്ടിവരില്ലെന്നും പാലം വന്നാൽ അത് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കുമെന്ന പ്രാഥമിക പഠനറിപ്പോർട്ടാണ് പയ്യന്നൂരിലെ പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നത്.

കുറുങ്കടവ് പുഴയുടെ ഇരുകരകളിലും ഗതാഗതസൗകര്യമുള്ള റോഡുകളുള്ളതും പാലത്തിന് സൗകര്യപ്രദമാണ്. 150 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. 15 കോടി രൂപയാണ് അന്ന് പാലത്തിന്റെ നിർമാണത്തിനായി ചെലവ് കണക്കാക്കിയത്. 1972-ൽ നിർമിച്ച പുന്നക്കടവ് പാലമാണ് പയ്യന്നൂർ നഗരസഭയേയും രാമന്തളി ഗ്രാമപ്പഞ്ചായത്തിനേയും ബന്ധിക്കുന്നത്. ഇതിന് മൂന്നുകിലോമീറ്റർ മാറിയാണ് കുറുങ്കടവ് പാലം ഉദ്ദേശിക്കുന്നത്. ഇവിടെ പാലം വന്നാൽ ഇരുഭാഗത്തേയും ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. രാമന്തളി പഞ്ചായത്തിലെ കുന്നരു, കുറുങ്കടവ് പ്രദേശത്തുള്ളവർക്കും എട്ടിക്കുളം, പാലക്കോട് മേഖലകളിലുള്ളവർക്കും പയ്യന്നൂരുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. ഈ പ്രദേശങ്ങളിൽനിന്ന് അഞ്ച് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിച്ചാണ് ഇപ്പോൾ പയ്യന്നൂരിലെത്തന്നത്. ഏളുപ്പത്തിൽ നാവിക അക്കാദമിയിലും എത്തിപ്പെടുന്നതിന് കുറുങ്കടവിൽ പാലം വന്നാൽ സാധിക്കും. പുന്നക്കടവ് പാലം വരുന്നതിന് മുൻപ്‌ പയ്യന്നൂരുമായി ബന്ധപ്പെടാൻ രാമന്തളി പഞ്ചായത്ത് നിവാസികൾ കൂടുതലായി ഉപയോഗിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന കടത്തുതോണിയായിരുന്നു. പുന്നക്കടവ് പാലം വന്നതോടെയാണ് കുറുങ്കടവ് വരെയുണ്ടായിരുന്ന റോഡിനെ പാലവുമായി ബന്ധിപ്പിക്കുന്നതിനായി കുന്നത്തെരുവിലേക്ക് ദീർഘിപ്പിച്ചത്. കുറുങ്കടവിൽ പാലം വന്നാൽ അത് കണ്ടങ്കാളി, പുഞ്ചക്കാട്, കുന്നരു പ്രദേശങ്ങളുടെ കൂടുതൽ വികസനത്തിനും വഴിവെക്കും. നാട്ടുകാരുടേയും വ്യാപാരിവ്യവസായിസമിതി കുന്നരു യൂണിറ്റിന്റേയും നിവേദനങ്ങൾ പൊതുമരാമത്ത് വകുപ്പിന് നൽകിയെങ്കിലും മേൽത്തലത്തിൽനിന്നുള്ള നിർദേശങ്ങൾക്കനുസൃതമായി മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് മാത്രമാണ് അവർ നൽകുന്ന മറുപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107639/locals-hopes-for-kurunkadav-bridge-are-high)