---
title: "ചുരത്തിൽ അവധി ദിനങ്ങളോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം നിലവിൽ വന്നു. "
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107660/thamarassery"
published_at: "2023-04-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fda3e09740_IMG-20230407-WA0069.jpg"
keywords: []
---

# ചുരത്തിൽ അവധി ദിനങ്ങളോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം നിലവിൽ വന്നു. 

> **Lead Summary:** **താമരശ്ശേരി** : താമരശ്ശേരി ചുരത്തിൽ അവധി ദിനങ്ങളോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം ബുധനാഴ്ച മുതൽ നിലവിൽ വന്നു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലൂടെ ലോഡുമായി വന്ന ടോറസ് ലോറികളെയും ഹെവി ഡ്യൂട്ടി വാഹനങ്ങളെയും ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുമണിവരെ തടഞ്ഞിട്ടു.

## Article Content

**താമരശ്ശേരി** : താമരശ്ശേരി ചുരത്തിൽ അവധി ദിനങ്ങളോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം ബുധനാഴ്ച മുതൽ നിലവിൽ വന്നു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലൂടെ ലോഡുമായി വന്ന ടോറസ് ലോറികളെയും ഹെവി ഡ്യൂട്ടി വാഹനങ്ങളെയും ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുമണിവരെ തടഞ്ഞിട്ടു.

അടിവാരത്തും വയനാട് ഗേറ്റിന് സമീപത്തുമായാണ് അടിവാരം ഔട്ട് പോസ്റ്റ് പോലീസിന്റെയും താമരശ്ശേരി ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ വാഹനപരിശോധനയും നിയന്ത്രണവും നടപ്പാക്കിയത്. താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ മേൽനോട്ടത്തിലായിരുന്നു ഗതാഗതനിയന്ത്രണം. അടിവാരത്തും ഒന്നാംവളവ് വരെയുള്ള ഭാഗത്തും ലക്കിടിയിലുമായി നിയന്ത്രണസമയം കഴിയുന്നതുവരെ വലിയ വാഹനങ്ങൾ നിർത്തിയിട്ടു. ഗതാഗത നിയന്ത്രണവിവരമറിയാതെയെത്തിയ വലിയ വാഹനങ്ങൾക്കും തൊഴിലാളികൾക്കും നിയന്ത്രണസമയം അവസാനിക്കുന്നതുവരെ മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ടിവന്നു. രാത്രി ഒമ്പതു മണിയോടെയാണ് ഇരുവശത്തുനിന്നും ലോഡുമായെത്തിയ വാഹനങ്ങളെ കടത്തിവിട്ടത്. ഗതാഗതനിയന്ത്രണം വരുംദിവസങ്ങളിലും തുടരും. ഹെവിഡ്യൂട്ടി (ആറുചക്രത്തിൽ കൂടുതലുള്ള) ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റ് ചരക്കുവാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്കുകൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങളിലും രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകീട്ട് മൂന്നുമുതൽ രാത്രി ഒൻപതുവരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ഇത്തരം വലിയ വാഹനങ്ങൾക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ചകളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയും ചുരത്തിൽ നിയന്ത്രണമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107660/thamarassery)