---
title: "ട്രെയിൻ തീവയ്പ്പിൽ ഗൂഢാലോചനയുണ്ടോ? ഷാറൂഖ് സെയ്ഫിയുടെ ചോദ്യംചെയ്യൽ ഇന്നും തുടരും"
english_title: "Sharooqsaify"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107782/sharooqsaify"
published_at: "2023-04-08T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430c186718eb_Screenshot_20230408-064951_Facebook.jpg"
keywords: []
---

# ട്രെയിൻ തീവയ്പ്പിൽ ഗൂഢാലോചനയുണ്ടോ? ഷാറൂഖ് സെയ്ഫിയുടെ ചോദ്യംചെയ്യൽ ഇന്നും തുടരും

> **Lead Summary:** **കോഴിക്കോട്**: ട്രെയിൻ തീവയ്പ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.

## Article Content

**കോഴിക്കോട്**: ട്രെയിൻ തീവയ്പ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.

കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. യാത്രയിൽ ഷാറൂഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ കുറ്റം സമ്മതിച്ചതായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107782/sharooqsaify)