---
title: "ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും "
english_title: "Pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107864/pinarayvijayan"
published_at: "2023-04-08T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643124020afac_Screenshot_20230408-135058_WhatsApp.jpg"
keywords: []
---

# ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും 

> **Lead Summary:** അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഒൻപതിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.വൈകിട്ട് ആറിന് ഐ.എം.വിജയൻ, എൻ.പി.പ്രദീപ് തുടങ്ങിയ പ്രമുഖ കളിക്കാർ അണിനിരക്കുന്ന പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടാകും.

## Article Content

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഒൻപതിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.വൈകിട്ട് ആറിന് ഐ.എം.വിജയൻ, എൻ.പി.പ്രദീപ് തുടങ്ങിയ പ്രമുഖ കളിക്കാർ അണിനിരക്കുന്ന പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടാകും.

66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള നവീകരിച്ച മൈതാനത്തിൽ പുൽത്തകിടി വെച്ച് പിടിപ്പിച്ചിട്ടുണ്ട്.ബംഗളൂരുവിൽനിന്നെത്തിച്ച ബർമുഡ പുല്ലാണ് വച്ച് പിടിപ്പിച്ചത്.വെള്ളം നനയ്ക്കാൻ അത്യാധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്.മൈതാനം മുഴുവൻ ചെറിയ ജെല്ലി വിരിച്ചു. ഇതിനു മുകളിൽ മണ്ണിട്ടാണ് പുൽത്തകിടി നിർമിച്ചിരിക്കുന്നത്.കളികൾക്കിടയിൽ മഴ പെയ്താൽ മൈതാനത്ത് വെള്ളം കെട്ടി നിൽക്കില്ല.വെള്ളം താഴേക്കിറങ്ങി അടിയിലെ പൈപ്പുകൾ വഴി ഓവുചാലിലെത്തുന്ന നിലയിലാണ് ഇതിൻ്റെ രൂപകല്പന.കായിക താരങ്ങൾക്ക് വസ്ത്രം മാറാൻ രണ്ട് മുറികളും അഞ്ച് ശുചിമുറികളുമാണുള്ളത്. ദേശീയ മത്സരങ്ങൾ നടത്താനാവുന്ന രീതിയിലാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. പവലിയനിൽ ഉൾപ്പടെ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും.

ഗ്രൗണ്ടിന് ചുറ്റും കൊരുപ്പു കട്ട പതിച്ചിട്ടുണ്ട്. രാത്രിയിലും കളികൾ നടത്താനാവശ്യമായ രീതിയിൽ ഇരു വശങ്ങളിലും ഉയരവിളക്കുകൾ സ്ഥാപിച്ചു.പ്രദീപ് പാലിശ്ശേരിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാർ മുൻവശത്തെ മതിലിൻ്റെ ഇരുഭാഗങ്ങളിലും വിവിധ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. കിറ്റ്കോ കൺസൽട്ടൻസിക്കായിരുന്നു നിർമാണ ചുമതല.പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയം പരിപാലിക്കുക.2018 നവമ്പറിലാണ് അന്നത്തെ കായിക മന്ത്രി ഇ.പി.ജയരാജൻ സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തത്.

കിഫ്ബിയിൽ നിന്നും 5.43 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്.  തലമുറകൾ കളിച്ചു വളർന്ന ചിറക്കുനിയിലെ കൂരാറ മൈതാനമാണ് അബു-ചാത്തുക്കുട്ടി മിനി സ്റ്റേഡിയമായി മാറിയത്. ഇ.എസ്.ഐ.കോര്‍പ്പറേഷന്റെ അധീനതയിലായിരുന്നു നേരത്തെ ഈ സ്ഥലം. 2.42 ഏക്കര്‍ വരുന്ന ഈ മൈതാനം സര്‍ക്കാര്‍ പഞ്ചായത്തിന് കൈമാറുകയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ വേണാടന്‍ കുമാരന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായായിരുന്നു ഇത്. സി.ഭാസ്‌കരന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കേ 2001-ലാണ് മൈതാനം പഞ്ചായത്തിന് ലഭിക്കുന്നത്. നായനാര്‍ സര്‍ക്കാരിന്റെ 1999-ലെ തീരുമാനപ്രകാരമായിരുന്നു ഇത്. 1940 സപ്തംബര്‍ 15-ന് ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ തലശ്ശേരി കടപ്പുറത്തെ ജവാഹര്‍ഘട്ടില്‍ നടന്ന പോരാട്ടത്തില്‍ രക്തസാക്ഷികളായ ധര്‍മടം സ്വദേശി ചാത്തുക്കുട്ടിയുടെയും മമ്പറം സ്വദേശി അബുവിന്റെയും പേര് പിന്നീട് ഈ കളിക്കളത്തിന് നല്കി.ജില്ല,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഫണ്ടുകളും എം.എല്‍.എ. ഫണ്ടും ഈ മിനി സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളും മറ്റും യഥാകാലം നടത്താറുണ്ടായിരുന്നെങ്കിലും കായികപ്രേമികളെ ആകര്‍ഷിക്കുന്ന ഒരു രൂപകല്പനയില്ലാത്തതായിരുന്നു ഈ മൈതാനത്തിന്റെ പ്രധാന പരിമിതി.സ്റ്റേഡിയം നവീകരിച്ചതോടെ കായിക പ്രേമികളുടെ വളരെക്കാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107864/pinarayvijayan)