---
title: "ചാലത്തോട് വറ്റിവരണ്ടതോടെ പച്ചക്കറി കർഷകർ ദുരിതത്തിലായി."
english_title: "Vegetable farmers were in distress after the canal dried up."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107982/vegetable-farmers-were-in-distress-after-the-canal-dried-up"
published_at: "2023-04-09T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432349a8768b_xfxcgvxb.jpg"
keywords: []
---

# ചാലത്തോട് വറ്റിവരണ്ടതോടെ പച്ചക്കറി കർഷകർ ദുരിതത്തിലായി.

> **Lead Summary:** **ചാല :** ചാലത്തോട് വറ്റിവരണ്ടതോടെ പച്ചക്കറി കർഷകർ ദുരിതത്തിലായി. ചാല തട്ടാൻകുനി പള്ളിയുടെ ഭാഗത്ത് കൃഷി ചെയ്യുന്നവരാണ് വെള്ളമില്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കേണ്ട നിലയിലായത്. വേനൽ കടുത്തതോടെ തോട്ടിൽ ഒരുതുള്ളി വെള്ളമില്ല. ഇതുകാരണം പച്ചക്കറികൾക്ക് വെള്ളമൊഴിക്കാനാകുന്നില്ല. ചിലർ സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് വെള്ളമെടുത്താണ് പച്ചക്കറികൾക്ക് നനക്കുന്നത്.

## Article Content

**ചാല :** ചാലത്തോട് വറ്റിവരണ്ടതോടെ പച്ചക്കറി കർഷകർ ദുരിതത്തിലായി. ചാല തട്ടാൻകുനി പള്ളിയുടെ ഭാഗത്ത് കൃഷി ചെയ്യുന്നവരാണ് വെള്ളമില്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കേണ്ട നിലയിലായത്. വേനൽ കടുത്തതോടെ തോട്ടിൽ ഒരുതുള്ളി വെള്ളമില്ല. ഇതുകാരണം പച്ചക്കറികൾക്ക് വെള്ളമൊഴിക്കാനാകുന്നില്ല. ചിലർ സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് വെള്ളമെടുത്താണ് പച്ചക്കറികൾക്ക് നനക്കുന്നത്.

വെള്ളരി, ചീര, പയർ, വെണ്ട, കൈപ്പ, താലോലി തുടങ്ങിയവ ഇവിടെ വേനൽക്കാലത്ത് കൃഷിചെയ്യാറുണ്ട്. തോട്ടിൽ വെള്ളമില്ലാത്തതിനാൽ കൃഷി നശിക്കുമെന്ന സ്ഥിതിയിലായി. ചെമ്പിലോട് പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും അതിർത്തിയിലാണ് ചാലത്തോട്. ചെമ്പിലോട്ടുനിന്ന് ആരംഭിക്കുന്ന തോട് മണിയലംചിറ വഴിയാണ് ചാലയിലെത്തുന്നത്. തോട് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളൊന്നും ചെമ്പിലോട് പഞ്ചായത്തും കോർപ്പറേഷനും ചെയ്യുന്നില്ല. വർഷങ്ങളായി തോട്ടിലെ മണ്ണ് നീക്കിയിട്ട്. ഇതുകാരണം തോടിന് ആഴമില്ല. മഴപെയ്താൽ തോട് നിറഞ്ഞ് കവിഞ്ഞ് വെള്ളം സമീപപ്രദേശങ്ങളിലേക്ക് ഒഴുകും. 25 വർഷം മുൻപ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി നടത്തിയിരുന്ന ഒരു സ്ഥലമാണ് ചാലവയൽ. വേനൽക്കാലത്തും തോട്ടിൽ വെള്ളമുണ്ടാകാറുണ്ട്. കഴിഞ്ഞവർഷം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് മണിയലത്ത് തോടിന്റെ കുറച്ചുഭാഗം കരിങ്കല്ല് കൊണ്ട് കെട്ടിയിരുന്നു. 10 വർഷം മുൻപ്‌ ചാലത്തോടിന് സമീപത്തും ഇതുപോലെ കരിങ്കൽഭിത്തി പണിതിരുന്നു. പിന്നീട് ഒരു പ്രവർത്തനവും നടന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107982/vegetable-farmers-were-in-distress-after-the-canal-dried-up)