---
title: "ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി."
english_title: "Prime Minister Narendra Modi visited the Sacred Heart Cathedral in Delhi on Easter. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108081/prime-minister-narendra-modi-visited-the-sacred-heart-cathedral-in-delhi-on-easter"
published_at: "2023-04-09T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432bddb53152_dfsdfvs.jpg"
keywords: []
---

# ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

> **Lead Summary:** ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പള്ളിയിലേക്ക് കടക്കാന്‍ അനുമതി. കനത്ത സുരക്ഷയാണ് പള്ളിയ്ക്കു ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്.

## Article Content

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പള്ളിയിലേക്ക് കടക്കാന്‍ അനുമതി. കനത്ത സുരക്ഷയാണ് പള്ളിയ്ക്കു ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്.

പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു. മോദിയുടെ സന്ദര്‍ശനം സന്തോഷകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. ഈസ്റ്റര്‍ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഭാവിയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വഴിവെച്ചേക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.

കേരളത്തിലടക്കം ക്രൈസ്തവ സമൂഹങ്ങളുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനവും വിലയിരുത്തപ്പെടുന്നത്. ബിജെപിയുമായി ക്രൈസ്തവ സമൂഹത്തിനുള്ള അകല്‍ച്ച കുറയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. കര്‍ണാടകം, കേരളം, തമിഴ്‌നാട് ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്തീയ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കമെന്നാണ് സൂചന. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ ബി.ജെ.പി ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതായി ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുള്ളവര്‍ മുൻപ് ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ അദ്ദേഹം ഉള്‍പ്പടെയുള്ള പുരോഹിതരമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108081/prime-minister-narendra-modi-visited-the-sacred-heart-cathedral-in-delhi-on-easter)