---
title: "ഹജ്ജ് ക്യാമ്പ് ; ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നടപടി തുടങ്ങി"
english_title: "Hajj Camp;  Steps have been taken to make transport arrangements"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108550/hajj-camp-steps-have-been-taken-to-make-transport-arrangements"
published_at: "2023-04-12T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64363eab355b4_IMG-20230412-WA0056.jpg"
keywords: []
---

# ഹജ്ജ് ക്യാമ്പ് ; ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നടപടി തുടങ്ങി

> **Lead Summary:** **മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായി ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നടപടി തുടങ്ങി. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിമാനത്താവള റോഡിലെ പ്രധാന ജങ്‌ഷനായ വായന്തോട്ട് പരിശോധന നടത്തി. റോഡിൽ സൂചനാബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

## Article Content

**മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായി ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നടപടി തുടങ്ങി. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിമാനത്താവള റോഡിലെ പ്രധാന ജങ്‌ഷനായ വായന്തോട്ട് പരിശോധന നടത്തി. റോഡിൽ സൂചനാബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളം ഇതാദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. ജൂൺ ഏഴുമുതലാണ് വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് തുടങ്ങുക. 1800-ഓളം പേരാണ് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്നത്. വെയിറ്റിങ്‌ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇനിയും അവസരം ലഭിച്ചേക്കും. ജില്ലയിൽനിന്ന് 1122 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിനുപുറമേ കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവരും കണ്ണൂർ വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. കെ.കെ.ശൈലജ എം.എൽ.എ.യുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ ഹജ്ജിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചിരുന്നു. കളക്ടറുടെ നിർദേശപ്രകാരമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തിയത്. ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകും. തീർഥാടകരും വൊളന്റിയർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 5000 പേർക്കുള്ള സൗകര്യം ഒരുക്കേണ്ടിവരുമെന്നാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ 2000-ത്തിൽ താഴെ തീർഥാടകരാണ് കണ്ണൂരിൽനിന്നുള്ളത്. വിമാനത്താവളത്തിലെ പുതിയ കാർഗോ ടെർമിനലാണ് ഹജ്ജ് ക്യാമ്പായി പ്രവർത്തിക്കുക. കെട്ടിടവും സംഘം സന്ദർശിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, വൈസ് പ്രസിഡന്റ് അനിൽകുമാർ, നഗരസഭാ സ്ഥിരംസമിതി ചെയർമാൻ വി.കെ.സുഗതൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധി സി.കെ.സുബൈർ ഹാജി, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശ്, പി.ഡബ്ല്യു.ഡി. അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108550/hajj-camp-steps-have-been-taken-to-make-transport-arrangements)