---
title: "ലക്ഷങ്ങൾ ചെലവഴിച്ച് മികച്ച രീതിയിൽ നിർമിച്ച ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല"
english_title: "Buses are not plying at the well built bus stand that has spent lakhs of rupees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108552/buses-are-not-plying-at-the-well-built-bus-stand-that-has-spent-lakhs-of-rupees"
published_at: "2023-04-12T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436402c0f1ee_IMG-20230412-WA0055.jpg"
keywords: []
---

# ലക്ഷങ്ങൾ ചെലവഴിച്ച് മികച്ച രീതിയിൽ നിർമിച്ച ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല

> **Lead Summary:**  **ശ്രീകണ്ഠപുരം** : ലക്ഷങ്ങൾ ചെലവഴിച്ച് മികച്ച രീതിയിൽ നിർമിച്ച ചെമ്പേരിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല. നിലവിൽ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽ വന്ന് തിരിച്ചുപോകുകയാണ്. സ്റ്റാൻഡിൽ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞാണ് ബസുകൾ സ്റ്റാൻഡിനെ നോക്കുകുത്തിയാക്കിയിരിക്കുന്നത്.

## Article Content

 **ശ്രീകണ്ഠപുരം** : ലക്ഷങ്ങൾ ചെലവഴിച്ച് മികച്ച രീതിയിൽ നിർമിച്ച ചെമ്പേരിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല. നിലവിൽ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽ വന്ന് തിരിച്ചുപോകുകയാണ്. സ്റ്റാൻഡിൽ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞാണ് ബസുകൾ സ്റ്റാൻഡിനെ നോക്കുകുത്തിയാക്കിയിരിക്കുന്നത്.

ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന അലക്സാണ്ടർ കടൂക്കുന്നേൽ സൗജന്യമായി നൽകിയ സ്ഥലത്താണ് ഏരുവേശ്ശി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ചെമ്പേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു ബസ് സ്റ്റാൻഡ് വന്നപ്പോൾ പ്രതീക്ഷിച്ചത്. ചെമ്പേരി പാലത്തിന് സമീപം നിർമിച്ച ഇവിടെ ഷോപ്പിങ് കോംപ്ലക്സും ശൗചാലയവുമെല്ലാമുണ്ട്. മലയോരഹൈവേ വഴിയും അല്ലാതെയും ചെമ്പേരിയിലേക്ക് നാല്പതോളം ബസുകൾ ഓടുന്നുണ്ട്. ഇതിൽ 12 ദീർഘദൂര ബസുകളും ഉൾപ്പെടും. ഇവയെല്ലാം സ്റ്റാൻഡിന് പുറത്തെ റോഡിലാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതറിയാത്ത ഏതെങ്കിലും യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിന്നാൽ യാത്ര മുടങ്ങും. ബസുകൾ കയറാതായതോടെ സ്റ്റാൻഡിൽ തലങ്ങും വിലങ്ങും മറ്റു വാഹനങ്ങൾ നിർത്തിയിടുകയാണ്. ലോറികളാണ് കൂടുതലും. ആരും ശ്രദ്ധിക്കാനില്ലാതെ വൃത്തിഹീനമായ നിലയിലാണ് ഇവിടത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108552/buses-are-not-plying-at-the-well-built-bus-stand-that-has-spent-lakhs-of-rupees)