---
title: " മാഫിയ ബന്ധം, കൈക്കൂലി: 1300 പൊലീസുകാരെ ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കും"
english_title: "Mafia links, bribery: 1300 policemen to be relieved from local stations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108574/mafia-links-bribery-1300-policemen-to-be-relieved-from-local-stations"
published_at: "2023-04-12T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643651b7ecf23_Screenshot_20230412-115756_Chrome.jpg"
keywords: []
---

#  മാഫിയ ബന്ധം, കൈക്കൂലി: 1300 പൊലീസുകാരെ ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കും

> **Lead Summary:** **തിരുവനന്തപുരം**: ക്രിമിനൽ- മാഫിയ ബന്ധം, കൈക്കൂലി തുടങ്ങി സേനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന സ്ഥിരം പ്രശ്നക്കാരായ സംസ്ഥാനത്തെ 1300 പൊലീസുകാരെ ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കും. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ എ.എസ്.ഐ വരെയുള്ളവരുടെ പട്ടിക പൊലീസ് ആസ്ഥാനം ശേഖരിച്ചു. ഇത്തരക്കാരെ ഒഴിവാക്കി സ്റ്റേഷനുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

## Article Content

**തിരുവനന്തപുരം**: ക്രിമിനൽ- മാഫിയ ബന്ധം, കൈക്കൂലി തുടങ്ങി സേനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന സ്ഥിരം പ്രശ്നക്കാരായ സംസ്ഥാനത്തെ 1300 പൊലീസുകാരെ ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കും. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ എ.എസ്.ഐ വരെയുള്ളവരുടെ പട്ടിക പൊലീസ് ആസ്ഥാനം ശേഖരിച്ചു. ഇത്തരക്കാരെ ഒഴിവാക്കി സ്റ്റേഷനുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ മാസം പുറത്തിറങ്ങുന്ന എസ്.ഐയ്ക്ക് താഴെയുള്ളവരുടെ  പൊതുസ്ഥലംമാറ്റ പട്ടികയ്ക്കൊപ്പം ഇവരേയും മാറ്റും. ഒരേ സ്റ്റേഷനിലടക്കം മൂന്നുകൊല്ലം പൂർത്തിയായവരാണ് പൊതുസ്ഥലംമാറ്റത്തിൽ ഉൾപ്പെടുക. കുഴപ്പക്കാരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടിവരുന്ന ചുമതലകളിൽ നിന്ന് ഒഴിവാക്കി, സ്വന്തം സ്ഥലത്തിന് പുറത്തുള പൊലീസ് ജില്ലകളിലാകും നിയമിക്കുക. കേസ് അന്വേഷണത്തിലടക്കം കൃത്യനിർവഹണത്തിൽ വീഴ്ച പതിവാക്കിയവർ, പൊതുജനങ്ങളോട് മോശമായി പെരുമാറുന്നവർ, വിവിധ ശിക്ഷാ നടപടികൾ നേരിട്ടവർ ഉൾപ്പെടെയാണ് പട്ടികയിലുള്ലത്.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റുകളിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസ് മുഖാന്തിരം വിവരം ശേഖരിച്ച് പൊലീസ് ആസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഓരോ സ്റ്റേഷനുകളിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ തെളിവ് സഹിതം നൽകിയിട്ടുള്ല റിപ്പോർട്ടിന് പുറമേ സംസ്ഥാന ഇന്റലിജൻസ്, ഓരോ ജില്ലയിലെയും വിജിലൻസ്  യൂണിറ്റുുകൾ എന്നിവിടങ്ങളിൽ നിന്നുള റിപ്പോർട്ടുകളും ഇതിനായി പരിഗണിച്ചു.

പൊതുസ്ഥലംമാറ്റ പട്ടിക 15ന് മുമ്പ് പൂർത്തിയാക്കാനാണ് നിർദ്ദേശം. എന്നാൽ, സൂക്ഷ്മപരിശോധന ഉൾപ്പെടെ നടത്തേണ്ടതിനാൽ അല്പം കൂടി വൈകിയേക്കും. മേയ് ഒന്നിന് മുമ്പ് പുതിയ ഇടങ്ങളിൽ ജോലിയിൽ പ്രവേശിക്കത്തക്ക വിധത്തിലാകും പട്ടിക പുറത്തിറക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108574/mafia-links-bribery-1300-policemen-to-be-relieved-from-local-stations)