---
title: "ഊരത്തൂരിലെ പ്രാചീന സമൂഹ ആലകൾ തകർത്ത സംഭവം: പ്രതിഷേധം ശക്തം"
english_title: "Strong strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108825/strong-strike"
published_at: "2023-04-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437d54363d35_IMG-20230413-WA0013.jpg"
keywords: []
---

# ഊരത്തൂരിലെ പ്രാചീന സമൂഹ ആലകൾ തകർത്ത സംഭവം: പ്രതിഷേധം ശക്തം

> **Lead Summary:** പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂരിലെ പ്രാചീന സമൂഹ ആലകള്‍ തകര്‍ത്ത സംഭവം. പ്രതിഷേധം ശക്തം. ഒരു കാലത്ത് നിരവധി ക്ഷീര കര്‍ഷകരുള്ള പ്രദേശമായിരുന്നു ഊരത്തൂര്‍.

## Article Content

പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂരിലെ പ്രാചീന സമൂഹ ആലകള്‍ തകര്‍ത്ത സംഭവം. പ്രതിഷേധം ശക്തം. ഒരു കാലത്ത് നിരവധി ക്ഷീര കര്‍ഷകരുള്ള പ്രദേശമായിരുന്നു ഊരത്തൂര്‍.

ഇവിടെ വന്യമൃഗ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് വെള്ളുവ കൃഷ്ണന്‍ നമ്പ്യാര്‍ സൗജന്യമായി നല്‍കിയ ഒരേക്കറോളം വരുന്ന സ്ഥലം നാട്ടുകാര്‍ക്ക് ആലകള്‍ കെട്ടാനായി നല്‍കുകയായിരുന്നു.

ഓരോ കുടുംബത്തിനും ആല കെട്ടാനുള്ള സ്ഥലം അടയാളപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു. പശുക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതു കാരണം വന്യമൃഗങ്ങള്‍ എത്തിയാല്‍ കഴുത്തിലെ തട്ട കൂട്ടത്തോടെ അനക്കി ശബ്ദമുണ്ടാക്കുകയും വന്യമൃഗങ്ങളില്‍ നിന്ന് രക്ഷ നേടുകയും ചെയ്തിരുന്നു.

തുടക്കത്തില്‍ 19 ആലകള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലെണ്ണമായി ചുരുങ്ങി. 19 പേര്‍ക്കാണ് നാല്, അഞ്ച് സെന്റുകളായി ഇവിടെ ഭൂമിയുള്ളത്. നൂറ്റാണ്ടു മുന്‍പ് വെള്ളുവ കൃഷ്ണന്‍ നമ്പ്യാരാണ് സൗജന്യമായി സമൂഹ ആലകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് ഭൂമി കൈമാറിയത്.

ഇതില്‍ കൃതൃമായി ഭൂനികുതി അടയ്ക്കുന്നവരും അടയ്ക്കാത്തവരുമുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലം പടിയൂര്‍ കല്യാട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെന്നും അതിനാല്‍ ഇവിടെ പടിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-2024 ബഡ്ജറ്റില്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് അവശേഷിക്കുന്ന നാല് ആലകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ള സ്ഥലമെല്ലാം നിരപ്പാക്കിയിരുന്നു.

വിഷയത്തില്‍ ഇരിക്കൂര്‍ പോലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിട്ടുമുണ്ട്.

ഇന്ന് കല്യാട് വില്ലേജ് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കല്യാട് മണ്ഡലം പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. സി.വി. രഞ്ജിത്ത്, സി.വി. കുഞ്ഞനന്തന്‍, പി.വി. സത്യന്‍, പി.രവീന്ദ്രന്‍, ആനന്ദബാബു, അബ്ദുള്ളഹാജി, കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ധര്‍ണ്ണയ്ക്ക് ശേഷം ഊരത്തൂരിലെ തകര്‍ക്കപ്പെട്ട ആലകള്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജും സംഘവും സന്ദര്‍ശിച്ചു.

ആലകള്‍ പൊളിച്ചു നീക്കിയത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായി ചെയ്തതാണെന്നും, പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറുന്ന സമീപനമാണെന്നും, തെറ്റ് തിരുത്തുവാന്‍ തയ്യാറാകണമെന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചത് പഞ്ചായത്തിന്റെ സ്ഥലത്ത് അല്ലെന്നും  അതേസമയം , പഞ്ചായത്തിന്റെ ആസ്തിയില്‍ നിക്ഷിപ്തമായ സ്ഥലം അന്യാതീനപ്പെട്ട് പോകാതിരിക്കുന്നതിനു വേണ്ടിയും സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കാതിരിക്കുന്നതിന് ആവശ്യമായ ഒരു ജാഗ്രതയാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയിട്ടുള്ളതെന്നും ഈ സ്ഥലത്ത് ഒരു ഗ്രൗണ്ട് സ്ഥാപിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രമായി ഉയര്‍ത്തുമെന്നും പടിയൂര്‍ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ധീന്‍ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108825/strong-strike)