---
title: "എംഡിഎംഎ കേസിൽ‌ ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായി: യുവാവ് മരിച്ചനിലയിൽ"
english_title: "M D M A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108945/m-d-m-a"
published_at: "2023-04-14T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64390d3b941bb_Screenshot_2023-04-14-13-45-50-16_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# എംഡിഎംഎ കേസിൽ‌ ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായി: യുവാവ് മരിച്ചനിലയിൽ

> **Lead Summary:** **കട്ടപ്പന**: രാസലഹരിയായ എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയശേഷം കാണാതായ യുവാവിന്റെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടിൽ ജോസ് മാത്യുവിന്റെ മകൻ ജോ മാർട്ടിൻ ജോസ് ആണ് മരിച്ചത്. 150 മില്ലിഗ്രാം എംഡിഎംഎയുമായി ചൊവ്വാഴ്ചയാണു ജോ മാർട്ടിനെ എക്സൈസ് സംഘം പിടികൂടിയത്.

## Article Content

**കട്ടപ്പന**: രാസലഹരിയായ എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയശേഷം കാണാതായ യുവാവിന്റെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടിൽ ജോസ് മാത്യുവിന്റെ മകൻ ജോ മാർട്ടിൻ ജോസ് ആണ് മരിച്ചത്. 150 മില്ലിഗ്രാം എംഡിഎംഎയുമായി ചൊവ്വാഴ്ചയാണു ജോ മാർട്ടിനെ എക്സൈസ് സംഘം പിടികൂടിയത്.

കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. വീട്ടിലെത്തിയശേഷം പുറത്തേക്കുപോയ യുവാവിനെ പിന്നീടു കാണാതായി. 12നു രാവിലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ‌, യുവാവ് സഞ്ചരിച്ചിരുന്ന കാറും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ചെയ്യാത്ത തെറ്റിനാണു തന്നെ അറസ്റ്റ് ചെയ്തതെന്നും മറ്റാരെയും വിഷമിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള യുവാവിന്റെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തി. ഇന്നലെ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീമും പൊലീസും ജലാശയത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഉച്ചയോടെ മൃതദേഹം കണ്ടെത്തി. സംസ്കാരം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108945/m-d-m-a)