---
title: "പാനൂരിൽ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ റെയ്ഡ് "
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108972/panoor"
published_at: "2023-04-14T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64392d3ba9b41_IMG-20230414-WA0157.jpg"
keywords: []
---

# പാനൂരിൽ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ റെയ്ഡ് 

> **Lead Summary:** **പാനൂർ**:പാനൂരിലെ കടകളിൽ വീണ്ടും ജില്ലാ എൻഫോഴ്സ്മെൻറ് വിഭാഗത്തിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും മിന്നൽ റെയ്ഡ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകളും, ഗ്ലാസുകളും ഉൾപ്പടെയുള്ളവ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

## Article Content

**പാനൂർ**:പാനൂരിലെ കടകളിൽ വീണ്ടും ജില്ലാ എൻഫോഴ്സ്മെൻറ് വിഭാഗത്തിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും മിന്നൽ റെയ്ഡ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകളും, ഗ്ലാസുകളും ഉൾപ്പടെയുള്ളവ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 പാനൂർ ചമ്പാട് റോഡിലെ കെ.ടി സ്റ്റോറിൽ നടത്തിയ പരിശോധനയിൽ അര ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കുപ്പികളിൽ കുടിവെള്ളം വിൽപ്പനക്ക് വച്ചത് പിടികൂടി. 2000 ത്തോളം വെള്ളക്കുപ്പികളാണ് പിടിച്ചെടുത്തത്. സമീപത്തെ മാർജിൻ ഫ്രീ ഫാമിലി സൂപ്പർമാർക്കറ്റിൽ നിന്നും വിൽപ്പനക്ക് വച്ച 2100 പ്ലാസ്റ്റിക്ക് കപ്പുകൾ, 3000 പ്ലേറ്റുകൾ എന്നിവ പിടികൂടി. വെളളം ഫലപ്രദമായി ഒഴിവാക്കിയ ശേഷം കുപ്പികൾ ഹരിത കർമ്മ സേനക്ക് കൈമാറും.

ഇരു സ്ഥാപനങ്ങൾക്കും 10,000 രൂപ പിഴ ചുമത്തി. കടയുടമകൾ കുറ്റം ആവർത്തിച്ചാൽ രണ്ടാം ഘട്ടം 25,000, മൂന്നാം ഘട്ടം 50,000 നാലാം ഘട്ടം ലൈസൻസ് റദ്ദാക്കൽ എന്നീ ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക. പാനൂർ നഗരസഭയിൽ പഴശി കനാൽ പരിസരത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായാണ് പാനൂരിൽ റെയ്ഡ് നടത്തിയതെന്ന് കണ്ണൂർ എൻഫോഴ്സ്മെൻറ് ടീം ലീഡർ റജി പി. മാത്യു പറഞ്ഞു. കെ ആർ അജയകുമാർ, ഷംസീർ, പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ പി. മൊയ്തു, ജെ.എച്ച്.ഐ പി.എം രതീഷ്, കെ.കെ കുഞ്ഞിക്കണ്ണൻ, എ. വിസിയ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ശ്രീധരൻ, ജഗദീഷ്, ഷാമിൽ മുസ്തഫ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108972/panoor)