---
title: "375 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി മൂന്നുപേർ പിടിയിൽ "
english_title: "Three arrested with 375 grams of musk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108979/three-arrested-with-375-grams-of-musk"
published_at: "2023-04-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439374a0b9b4_Picsart_23-04-14_16-43-45-188.jpg"
keywords: []
---

# 375 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി മൂന്നുപേർ പിടിയിൽ 

> **Lead Summary:**  375 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി രണ്ട് സ്ഥലങ്ങളിൽ നിന്നായി മൂന്ന് പേരെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫോറസ്റ്റ് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ കൺസർവേറ്റർ നരേന്ദ്രബാബു ഐ.എഫ്.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, തളിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് കസ്തൂരി ഗ്രന്ഥി സഹിതം 3 പേർ അറസ്റ്റിലായത്.

## Article Content

 375 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി രണ്ട് സ്ഥലങ്ങളിൽ നിന്നായി മൂന്ന് പേരെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫോറസ്റ്റ് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ കൺസർവേറ്റർ നരേന്ദ്രബാബു ഐ.എഫ്.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, തളിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് കസ്തൂരി ഗ്രന്ഥി സഹിതം 3 പേർ അറസ്റ്റിലായത്.

എറണാകുളം സ്വദേശികളായ 2 പേർ കസ്തൂരി വിൽപ്പനക്കായി കണ്ണൂർ നഗരത്തിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത്ത് കെ രാമന്റെ നിർദേശാനുസരണം കണ്ണൂർ, കാസർകോഡ് ഫ്ളയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർമാരും സംഘവും കണ്ണൂരിലെ മുഴുവൻ ലോഡ്ജുകളിലും രാത്രി മുതൽ വിശദമായ പരിശോധന നടത്തി വരികയായിരുന്നു.

രാവിലെ 9 മണിയോടെ കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപത്തുള്ള സ്വീറ്റി ലോഡ്ജിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് എറണാകുളം സ്വദേശി ടി.എ ഹഫ്സൽ (42), തൃശ്ശൂർ സ്വദേശി ഷാനവാസ്(39) എന്നിവർ 80 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി പിടിയിലായത്. സ്വർണ്ണപ്പണിക്കാരനായ ഷാനവാസിൻ്റെ സുഹൃത്ത് കോയമ്പത്തൂരിലെ ശ്രീരാം എന്നയാളാണ് വിൽപ്പനക്കായി കസ്തൂരി ഗ്രന്ഥി ഏൽപ്പിക്കുന്നത്.

വിറ്റുകിട്ടുന്ന തുകയിൽ 10 ലക്ഷം രൂപ ശ്രീരാമിന് നൽകാനും ബാക്കി തുക ഷാനവാസിന് നൽകാമെന്ന കരാറിലാണ് കസ്തൂരി ഗ്രന്ഥി വാങ്ങിയതെന്നാണ് ഷാനവാസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതേ രീതിയിൽ ആലക്കോട് സ്വദേശിയായ ഒരാൾ തളിപ്പറമ്പ് എഴാം മൈലിന് സമീപത്ത് വച്ച് കസ്തൂരി വില്ക്കാൻ എറണാകുളം സ്വദേശികളെ കാത്തിരിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 295 ഗ്രാം തൂക്കം വരുന്ന 5 കസ്തൂരി ഗ്രന്ഥിയുമായി തളിപ്പറമ്പ് പുളിമ്പറമ്പിലെ ടി. തോമസ് (45)നെയും പിടികൂടി. നിർമ്മാണ തൊഴിലാളിയായ തോമസിൻ്റെ കൂടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വിൽപ്പനക്കായി ഏൽപ്പിച്ചതാണ് കസ്തൂരി ഗ്രന്ഥികൾ എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വ്യാഴാഴ്ച്ച പിടിയിലായ 2 കേസുകൾ ഉൾപ്പെടെ ഇതുവരെ തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസിന് കീഴിൽ മൂന്ന് കേസുകളാണ് കസ്തൂരി ഗ്രന്ഥിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.

3 കോടിയിലേറെ മോഹവിലയുള്ളതാണ് പിടികൂടിയ 295 ഗ്രാം കസ്തൂരി ഗ്രന്ഥി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന കസ്തൂരി മാനിനെ കൊല്ലുന്നത് 3 മുതൽ 7 വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ പറഞ്ഞു.

പരിശോധനയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. ജയപ്രകാശ്, വി രതീശൻ, പി. രതീശൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമരായ സുനിൽ കുമാർ ചെന്നപ്പൊയിൽ, ടി പ്രമോദ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരിദാസ് ഡി. ലിയാണ്ടർ എഡ്വേർഡ്, കെ.വി ശിവശങ്കർ, കെ.പി സൗമ്യ, പി. ശ്രീധരൻ, എം. ഹരി, ഫോറസ്റ്റ് ഡ്രൈവർമാരായ വൽസരാജൻ, പ്രദീപ്കുമാർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108979/three-arrested-with-375-grams-of-musk)