---
title: "ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ."
english_title: "The youth who was beaten up by the mob is in critical condition. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109103/the-youth-who-was-beaten-up-by-the-mob-is-in-critical-condition"
published_at: "2023-04-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a7c95a37eb_IMG_20230415_155931.jpg"
keywords: []
---

# ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ.

> **Lead Summary:** തൃശൂർ: ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. തൃശൂർ കിള്ളിമംഗലത്ത് ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആൾക്കൂട്ട മർദനത്തിനിരയായത്.

## Article Content

തൃശൂർ: ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. തൃശൂർ കിള്ളിമംഗലത്ത് ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആൾക്കൂട്ട മർദനത്തിനിരയായത്.

തലക്കാണ് പരിക്കേറ്റത്. അടയ്ക്കാ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മർദനത്തിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.

വീട്ടിൽ സ്ഥിരമായി മോഷണം നടക്കുന്നതിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് മോഷണശ്രമം കണ്ടെത്തിയത്. ഗേറ്റ് ചാടിക്കടന്നപ്പോൾ പറ്റിയതാണ് പരിക്കെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അബ്ബാസെന്നയാളുടെ വീട്ടിൽ നിന്നാണ് സന്തോഷിനെ പിടികൂടിയത്. സന്തോഷ് ഇവിടെയെത്തുന്നതും അടയ്ക്ക വെക്കുന്ന ഇടത്തേക്ക് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109103/the-youth-who-was-beaten-up-by-the-mob-is-in-critical-condition)