---
title: "കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനം"
english_title: "It has been decided to complete the construction of the railway flyover at Koduvalli in October"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109516/it-has-been-decided-to-complete-the-construction-of-the-railway-flyover-at-koduvalli-in-october"
published_at: "2023-04-18T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e196137fa1_IMG-20230418-WA0011.jpg"
keywords: []
---

# കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനം

> **Lead Summary:** **തലശ്ശേരി** : കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനം. സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ എറണകുളത്ത് ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം നിർമാണപുരോഗതി വിലയിരുത്തി. മാർച്ചിൽ പൂർത്തിയാക്കാൻ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. മാർച്ചിൽ നിർമാണം പൂർത്തിയായില്ല. നിർമാണം പൂർത്തിയാക്കാൻ ഇനിയും ഏഴ് മാസം കൂടി കാത്തിരിക്കണം. മേയ് 30-നകം സർവീസ് റോഡിന്റെയും ദേശീയപാതയുടെ ഭാഗത്തെ സ്ലാബുകളുടെയും നിർമാണം പൂർത്തിയാക്കാൻ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

## Article Content

**തലശ്ശേരി** : കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനം. സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ എറണകുളത്ത് ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം നിർമാണപുരോഗതി വിലയിരുത്തി. മാർച്ചിൽ പൂർത്തിയാക്കാൻ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. മാർച്ചിൽ നിർമാണം പൂർത്തിയായില്ല. നിർമാണം പൂർത്തിയാക്കാൻ ഇനിയും ഏഴ് മാസം കൂടി കാത്തിരിക്കണം. മേയ് 30-നകം സർവീസ് റോഡിന്റെയും ദേശീയപാതയുടെ ഭാഗത്തെ സ്ലാബുകളുടെയും നിർമാണം പൂർത്തിയാക്കാൻ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ജൂൺ 12-നകം ഇരുഭാഗത്തെയും താങ്ങുമതിൽ നിർമിക്കും. 62 പൈലും 10 തൂണും 11 സ്ലാബുമാണ് പാലത്തിനുണ്ടാവുക. റെയിൽവേയുടെ ഭാഗത്ത് ഉൾപ്പെടെ പൈലിങ് പൂർത്തിയായി. ദേശീയപാതയുടെ ഭാഗത്ത് ഗർഡർ സ്ഥാപിക്കാനുള്ള നിർമാണവും പൂർത്തിയായി. റെയിൽവേയുടെ ഭാഗത്ത് നിർമാണം വേഗത്തിലാക്കാൻ സ്റ്റാറ്റിക് ലോഡ് ടെസ്റ്റിന് പകരം ഡൈനാമിക് ലോഡ് ടെസ്റ്റിന് അനുമതി നൽകാമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു. നിർമാണം വേഗത്തിലാക്കാൻ പ്രതിമാസ മോണിട്ടറിങും സ്റ്റാറ്റസ് റിപോർട്ട് സമർപ്പിക്കാനും പോരായ്മ പരിഹരിച്ച് മുന്നോട്ടുപോകാനും തീരുമാനിച്ചു. റെയിൽവേ പാലക്കാട് ഡിവിഷണൽ ഡി.സി.എം. രാജഗോപാൽ, കേരളാ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡി. സുഹാസ്, കരാർ കമ്പനി പ്രതിനിധികളായ അശോക്, ധനേഷ്, സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109516/it-has-been-decided-to-complete-the-construction-of-the-railway-flyover-at-koduvalli-in-october)