---
title: "മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം"
english_title: "Start of Mandala- Makaravilakku pilgrimage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10985/start-of-mandala-makaravilakku-pilgrimage"
published_at: "2021-11-16T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61932eaa71864_images - 2021-11-16T093759.550.jpeg"
keywords: []
---

# മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം

> **Lead Summary:** **ശബരിമല**: വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം.

## Article Content

**ശബരിമല**: വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം.

ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യില്‍ നിന്നുണര്‍ത്തി ശ്രീകോവിലില്‍ ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകര്‍ന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു.

ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്ബൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്ബൂതിരിയെയും കൈപിടിച്ച്‌ പതിനെട്ടാംപടി കയറ്റി. വൈകിട്ട് ആറുമണിയോടെ ശ്രീകോവിലിന് മുന്നില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്ബൂതിരിയുടെ അവരോധന ചടങ്ങ് നടന്നു. കലശം പൂജിച്ച്‌ മേല്‍ശാന്തിയെ അഭിഷേകം ചെയ്തശേഷം തന്ത്രി ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം പകര്‍ന്നുനല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്ബൂതിരിയുടെ അവരോധന ചടങ്ങും നടന്നു.

കഴിഞ്ഞ ഒരു വര്‍ഷം പുറപ്പെടാമേല്‍ശാന്തിമാരായിരുന്ന ശബരിമല മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മാളിപ്പുറം മേല്‍ശാന്തി രജിനമ്ബൂതിരിയും രാത്രി ഒന്‍പത് മണിയോടെ നാട്ടിലേക്ക് മടങ്ങി. വൃശ്ചികം ഒന്നായ ഇന്ന് പുലര്‍ച്ചെ ഇരുക്ഷേത്രനടകളും പുതിയ മേല്‍ശാന്തിമാരാണ് തുറക്കുക. ദേവസ്വം മന്ത്രി എന്‍. രാധാകൃഷ്ണന്‍, പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മെമ്ബര്‍ മനോജ് ചരളേല്‍ എന്നിവരും ശബരിമലയില്‍ എത്തിയിട്ടുണ്ട്.

വെര്‍ച്വല്‍‌ ക്യൂവില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി. സ്പോട്ട് രജിസ്ട്രേഷന്‍ താത്കാലകമായി നിറുത്തി. പമ്ബാനദിയില്‍ സ്നാനം അനുവദിക്കില്ല. കൊവിഡിന്റെ രണ്ട് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

നിലയ്ക്കലില്‍ കൊവിഡ് പരിശോധനയ്ക്ക് സൗകര്യം. ഭക്തര്‍ക്ക് രാത്രി 8 മണി വരെ മാത്രം സന്നിധാനത്ത് തങ്ങാം

ഇത്തവണ എല്ലാ ദിവസവും പടിപൂജയുണ്ട്. മാസപൂജാ വേളകളില്‍ നടത്തേണ്ടിയിരുന്ന നിരവധി പടിപൂജകള്‍ കൊവിഡ് കാരണം മുടങ്ങിയതിനാലും രാത്രി എട്ടുമണിക്ക് മുമ്ബായി തീര്‍ത്ഥാടകരുടെ പടികയറ്റം അവസാനിക്കുന്നതിനാലുമാണ് എല്ലാ ദിവസവും പടിപൂജ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10985/start-of-mandala-makaravilakku-pilgrimage)