---
title: "ജീവനക്കാർ എത്തിയില്ല: മട്ടന്നൂരിൽ എ ഐ ക്യാമറകൾ മിഴി തുറക്കുമോ?"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109919/mattannur"
published_at: "2023-04-20T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440bafc55ef2_IMG-20230420-WA0017.jpg"
keywords: []
---

# ജീവനക്കാർ എത്തിയില്ല: മട്ടന്നൂരിൽ എ ഐ ക്യാമറകൾ മിഴി തുറക്കുമോ?

> **Lead Summary:** **മട്ടന്നൂർ** : ഗതാഗതനിയമലംഘനം തടയാൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച എ.ഐ. ക്യാമറകൾ വ്യാഴാഴ്ച പ്രവർത്തനം തുടങ്ങാനിരിക്കെ, ജില്ലയിലെ ക്യാമറകൾ പരിശോധിക്കുന്ന മട്ടന്നൂരിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിൽ ജീവനക്കാരെത്തിയില്ല. ജില്ലയിലാകെ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കുന്ന കൺട്രോൾറൂമിലെ ജീവനക്കാരാണ് ഇതുവരെ എത്താത്തത്. കെൽട്രോണാണ് ഇവരെ നിയമിക്കേണ്ടത്. 20-ഓളം ജീവനക്കാർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ഓഫീസിലുള്ളത്. 50 എ.ഐ. ക്യാമറകളാണ് ജില്ലയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളാണ്.

## Article Content

**മട്ടന്നൂർ** : ഗതാഗതനിയമലംഘനം തടയാൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച എ.ഐ. ക്യാമറകൾ വ്യാഴാഴ്ച പ്രവർത്തനം തുടങ്ങാനിരിക്കെ, ജില്ലയിലെ ക്യാമറകൾ പരിശോധിക്കുന്ന മട്ടന്നൂരിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിൽ ജീവനക്കാരെത്തിയില്ല. ജില്ലയിലാകെ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കുന്ന കൺട്രോൾറൂമിലെ ജീവനക്കാരാണ് ഇതുവരെ എത്താത്തത്. കെൽട്രോണാണ് ഇവരെ നിയമിക്കേണ്ടത്. 20-ഓളം ജീവനക്കാർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ഓഫീസിലുള്ളത്. 50 എ.ഐ. ക്യാമറകളാണ് ജില്ലയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളാണ്.

ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾറൂമിൽ എത്തിയശേഷം ഓരോരോ ജില്ലകളിലേക്കുള്ളത് അതത് ആർ.ടി.ഒ. ഓഫീസുകളിലേക്ക് നൽകുകയാണ് ചെയ്യുക. കണ്ണൂർ ജില്ലയിലെ എ.ഐ. ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കുകയും പിഴ ചുമത്തി നോട്ടീസ് അയക്കുകയും ചെയ്യുന്നത് മട്ടന്നൂരിലെ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ്. ദൃശ്യങ്ങൾ പരിശോധിക്കുകയും ക്രോഡീകരിക്കുകയും ചെയ്യേണ്ട ജീവനക്കാരെയാണ് ഇതുവരെയായി നിയമിക്കാത്തത്. നിരീക്ഷണസംവിധാനങ്ങൾ ഒരുക്കി ക്യാമറകളുടെ നിരീക്ഷണത്തിന് വേണ്ട സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരുവർഷത്തിലധികമായി ക്യാമറകളുടെ റെക്കോഡിങ് നടക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണത്തിനും മറ്റുമായി ദൃശ്യങ്ങൾ നൽകാറുമുണ്ട്. ജീവനക്കാർ അടുത്ത ദിവസങ്ങളിലും എത്തിയില്ലെങ്കിൽ പിഴചുമത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ നീണ്ടേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109919/mattannur)